18-Aug-2018 (Sat)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15
 
പെരുമ്പള്ളി അങ്ങാടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
താമരശ്ശേരി: പെരുമ്പള്ളി അങ്ങാടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. കല്‍പ്പറ്റ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ കല്‍പ്പറ്റ അമൃതാലയത്തില്‍ ജയചന്ദ്രന്‍ (59), ബന്ധുവായ മോഹനന്‍ എന്നിവരാണ് മരിച്ചത്. ജയചന്ദ്രന്റെ മകന്‍ വിജേഷ്(28) സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ചികിത്സയിലാണ്. ഇന്ന് വേകിട്ട് മൂന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന കാറ് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിക്കും കാറിനും ഉള്ളില്‍ അകപ്പെട്ട കാര്‍യാത്രക്കാരായ ഇവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് കാറ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
 
അര്‍ഹതപ്പെട്ടവരെ ആദരിക്കുന്നത് സമൂഹത്തിന് കൂടുതല്‍ ഗുണം ചെയ്യും; രമേഷ് ചെന്നിത്തല
താമരശ്ശേരി: സ്തുത്യര്‍ഹമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ആദരിക്കുക വഴി സമൂഹം തന്നെയാണ് ആദരിക്കപ്പെടുന്നതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പുമന്ത്രി രമേഷ് ചെന്നിത്തല. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള ഉത്തേജനം ഇതുവഴി ലഭിക്കുമെന്നും അദ്ധേഹം പറഞ്ഞു. വിവിധ പുരസ്‌കാര ജേതാക്കള്‍ക്ക് താമരശ്ശേരി വികസന സമിതി ഏര്‍പ്പെടുത്തിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
 
മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു
ഓമശ്ശേരി: മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. തെച്യാട് താനിക്കല്‍ കോഴിക്കന്‍തൊടുകയില്‍ താനിക്കല്‍ ഉണ്ണിമോയി(55)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സാരമായ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. തെച്ച്യാട് അങ്ങാടിയിലെ വ്യാപാരിയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: ഷബീബ്, ഷബ്‌ന. മരുമക്കള്‍: നൗഷാദ് പുത്തൂര്‍, ആഷിദ.
 
താമരശ്ശേരി സാന്ത്വനകേന്ദ്രത്തിന്റെ ഹൃദയ പരിശോധന-ശസ്ത്രക്രിയ ക്യാമ്പ് നാളെ
താമരശ്ശേരി: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി താമരശ്ശേരി സോണ്‍ സാന്ത്വനകേന്ദ്രവും കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ ഹോസ്പിറ്റലും സംയുക്തമായി 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഹൃദയ പരിശോധന-ശസ്ത്രക്രിയ ക്യാമ്പ് നാളെ താമരശ്ശേരി ജി യു പി സ്‌കൂളില്‍ നടക്കും. രാവിലെ ഒമ്പതിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ 60 വാര്‍ഡുകള്‍ ഏറ്റെടുത്ത് നവീകരിക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കുട്ടികള്‍ക്കായുള്ള വാര്‍ഡ് ഏറ്റെടുത്ത് നവീകരിച്ചതിന്റെ സമര്‍പ്പണവും കാന്തപുരം നിര്‍വഹിക്കും. സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍ അധ്യക്ഷത വഹിക്കും. ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി സാന്ത്വനം പരിചയപ്പെടുത്തും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍, എം എല്‍ എ മാരായ വി എം ഉമ്മര്‍ മാസ്റ്റര്‍, സി മോയിന്‍കുട്ടി, അഡ്വ. പി ടി എ റഹീം തുടങ്ങിയവര്‍ സംബന്ധിക്കും. മെഡിക്കല്‍ ക്യാമ്പില്‍ ഇ സി ജി, എക്കോ ടെസ്റ്റുകളോട് കൂടിയുള്ള പരിശോധനയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ശ്രീരാമകൃഷ്ണ ഹോസ്പിറ്റലില്‍ സൗജന്യ തുടര്‍ ചികിത്സയും നല്‍കും. www.santhwanakendram.com എന്ന സൈറ്റിലും 9142101015, 9656701511 എന്നീ ഫോണ്‍ നമ്പറുകളിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
 
കൊടുവള്ളി സ്വദേശി സൗദിയില്‍ വാഹന അപടകത്തില്‍ മരിച്ചു.
കൊടുവള്ളി: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശി മരിച്ചു. കരുവന്‍പൊയില്‍ കുനിയില്‍ പരേതനായ അബ്ദുറഹിമാന്‍കുട്ടിയുടെ മകന്‍ ചെറ്റമലയില്‍ ഹുസൈന്‍(50) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ബുറൈദക്ക് സമീപം ഖബ്‌റയിലായിരുന്നു അപകടം നടന്നത്. ഹൗസ് െ്രെഡവറായിരുന്ന ഹുസൈന്‍ അധ്യാപികമാരെയുമായി സ്‌കൂളിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റ അധ്യാപിക ചികിത്സയിലാണ്. പത്ത് വര്‍ഷത്തോളം സൗദിയിലുണ്ടായിരുന്ന ഹുസ്സൈന്‍ നാട്ടിലെത്തി നാല് മാസം മുമ്പാണ് മടങ്ങിയത്. അല്‍റാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഭാര്യ: റംല പാലക്കുറ്റി. മക്കള്‍: ഹസ്‌ന, ഹസീബ്, ഹന്ന ഷറിന്‍.
 
കൊടുവള്ളിയില്‍ ബൈക്ക് ലോറിയിലിടിച്ച് വയനാട് സ്വദേശി മരിച്ചു.
കൊടുവള്ളി: ബൈക്ക് ലോറിയിലിടിച്ച് വയനാട് സ്വദേശി മരിച്ചു. മാനന്തവാടി പയ്യമ്പള്ളി മുട്ടങ്കര നിരവത്ത് പറമ്പില്‍ നവീനന്റെ മകന്‍ അനൂപ്(26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ദേശീയപാതയില്‍ കൊടുവള്ളി മോഡേണ്‍ബസാറിലായിരുന്നു അപകടം. പയ്യമ്പള്ളിയില്‍ തയ്യല്‍ തൊഴിലാളിയായ അനൂപ് സഞ്ചരിച്ച ബൈക്ക് കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള യാത്രക്കിടെ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിക്കുള്ളില്‍ അകപ്പെട്ട അനൂപിനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആരതിയാണ് അനൂപിന്റെ ഭാര്യ. ഒരു വയസ്സുള്ള പാര്‍വതി ഏക മകളാണ്.
 
കുന്ദമംഗലത്ത് മുന്‍ സൈനികന്‍ ഭാര്യയെ വെടിവെച്ചു കൊന്നു.
കുന്ദമംഗലം: മുന്‍ സൈനികന്‍ ഭാര്യയെ വെടിവെച്ചു കൊന്നു. പൊയ്യ പണിക്കരങ്ങാടിയില്‍ താമസിക്കുന്ന സുരേഷാണ് ഭാര്യ ശ്രീജ(41)യെ കിടപ്പുമുറിയില്‍ വെടിവെച്ചു കൊന്നത്. ഇന്ന് രാവിലെ അഞ്ചുമണിയോടെയായിരുന്നു സംഭവം. കൃത്യം നിര്‍വഹിച്ചശേഷം ഇയാള്‍ കുന്ദമംലം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വെടിയൊച്ചയും കൂട്ടക്കരച്ചിലും കേട്ട അയല്‍വാസികള്‍ ഓടിയെത്തി ശ്രീജയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ചുമിനിറ്റിനകം മരിച്ചിരുന്നു.
 
ഗുണ്ടാ സംഘത്തിന്റെ അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോടഞ്ചേരി: ഗുണ്ടാ സംഘത്തിന്റെ അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടഞ്ചേരി ഈരൂട് നായ്ക്കംപറമ്പില്‍ പരേതനായ ജോസിന്റെ മകന്‍ പ്രൈയ്‌സ്(34) ആണ് വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്. ഈമാസം 16 ന് രാത്രി പത്തുമണിയോടെ സംഘടിച്ചെത്തിയ അക്രമികള്‍ പ്രൈയിസിനെ വീട്ടുമുറ്റത്തിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ പ്രൈയിസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യ ലിസിയുടെ പരാതിയില്‍ നേരത്തെ കോടഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും. മൈക്കാവ് സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്ക്
താമരശ്ശേരി: കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ അമ്പായത്തോട് മിച്ചഭൂമിക്ക് സമീപം ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്ക്. മൈസൂരില്‍നിന്നും അലപ്പുഴയിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാനാണ് അപകടത്തില്‍പെട്ടത്. സാരമായി പരുക്കേറ്റ ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ബിനോയി(28) യെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വട്ടയച്ചു.
 
നാലുകിലോ കഞ്ചാവുമായി വയനാട് സ്വദേശി താമരശ്ശേരിയില്‍ പിടിയില്‍
താമരശ്ശേരി: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന വയനാട് സ്വദേശി റൂറല്‍ എസ് പി യുടെ ഷാഡോ പോലീസിന്റെ വലയിലായി. മനന്തവാടി അമ്പൂറ്റികുന്ന് കിഴക്കന്‍ചാലില്‍ ഇബ്രാഹീം(47) ആണ് കോഴിക്കോട് റൂറല്‍ എസ് പി. പി എച് അഷ്‌റഫിന് ലഭിച്ച രഹസ്യ വിലരത്തെ തുടര്‍ന്ന് ഷാഡോ പോലീസിന്റെ പിടിലായത്. പാലക്കാട്ട് നിന്നും എത്തിച്ച നാലുകിലോ കഞ്ചാവ് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തുനിന്നും ആവശ്യക്കാരന് കൈമാറുന്നതിനിടെ ഷാഡോ പോലീസ് പിടികൂടുകയായിരുന്നു.
 
1 2 3 4 5 6 7 8 9 10 11 12 13 14 15
 
 
 

All rights reserved | Website developed and maintained by Zyonz Technologies