26-Feb-2020 (Wed)
 
 
 
എസ് വൈ എസ് സംഘ കൃഷി: മങ്ങാട് പൂപ്പൊയില്‍ വയലില്‍ കൃഷിയിറക്കി
പൂനൂര്‍: എസ് വൈ എസ് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന സംഘ കൃഷി പദ്ധതി യുടെ ഭാഗമായി പൂനൂര്‍ സര്‍ക്കിള്‍ കമ്മറ്റിക്ക് കീഴില്‍ മങ്ങാട് പൂപ്പൊയില്‍ വയലില്‍ കൃഷിയിറക്കി. പൂനൂര്‍ സോണ്‍ പ്രസിഡണ്ട് അബ്ദുസ്സലാം ബുസ്താനി ഉദ്ഘാടനം ചെയ്തു. ജഅഫര്‍ സഖാഫി പൂപ്പൊയില്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സഹല്‍ മശ്ഹൂര്‍ അവേലം, കെ സി ഹുസൈന്‍ സഖാഫി പന്നൂര്‍, റഫീഖ് സഖാഫി മടത്തുംപൊയില്‍, അഫ്‌സല്‍ അഹ്സനി, അനസ് കാന്തപുരം, ടി പി സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
ഹരിത പഞ്ചായത്ത്, സീറോവേസ്റ്റ് പഞ്ചായത്ത് പദ്ധതി പ്രഖ്യാപനം നടത്തി
കോഴിക്കോട്: കോഴിക്കോടിനെ ശുചിത്വ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി നടത്തുന്ന ശുചിത്വ കോണ്‍ഫറന്‍സ് അവലോകന യോഗം ജില്ലാകലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ പഞ്ചായത്തുകളിലും മിനി എം സി എഫ് സ്ഥാപിക്കാന്‍ യോഗത്തില്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഹരിത പഞ്ചായത്ത്, സീറോവേസ്റ്റ് പഞ്ചായത്ത് പദ്ധതി പ്രഖ്യാപനവും യോഗത്തില്‍ നടന്നു. ഹരിത പൗരന്‍, ഹരിത കുടുംബം, ഹരിത സ്ഥാപനം, ഹരിത പാഠശാല, ഹരിത വാര്‍ഡ്, സീറോ വേസ്റ്റ് പഞ്ചായത്ത്, ഹരിത പഞ്ചായത്ത് എന്നിങ്ങനെയാണ് പദ്ധതി നടപ്പിലാക്കുക. കൃത്യമായ മാലിന്യ പരിപാലനത്തിലൂടെ ഒരു വ്യക്തിക്ക് സ്വയം ഹരിത പൗരനായി പ്രഖ്യാപിക്കാം. മാലിന്യമുക്തമായ വീടുകള്‍ക്ക് വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ഹരിത കുടുംബബാഡ്ജ് നല്‍കും. ഹരിതകേരള മിഷന്റെ മാനദണ്ഡങ്ങള്‍ 70 ശതമാനത്തില്‍ കൂടുതല്‍ പാലിക്കുന്നുണ്ടെങ്കില്‍ സ്ഥാപനങ്ങളെ ഹരിത സ്ഥാപനമായി പ്രഖ്യാപിക്കും. ഇവര്‍ക്ക് ഹരിത സ്ഥാപന ബാഡ്ജ് നല്‍കും. ശാസ്ത്രീയ മാലിന്യ സംസ്‌കരണം, മിനി എം സി എഫ്, പൂന്തോട്ടം, ഔഷധതോട്ടം, പച്ചക്കറി തോട്ടം എന്നിവയുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്ന വിദ്യാലയങ്ങളെയാണ് ഹരിത പാഠശാലയായി പ്രഖ്യാപിക്കുക. ഹരിത കര്‍മ്മ സേന, മിനി എം സി എഫ്, വൃത്തിയുള്ള പൊതു ഇടങ്ങള്‍, 60 ശതമാനം വീടുകളിലും ജൈവ മാലിന്യ സംസ്‌കരണ പദ്ധതി, വാര്‍ഡിലെ 60 ശതമാനം അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനക്ക് കൈമാറുന്നു എന്നിങ്ങനെയുളള വാര്‍ഡുകളെ ഹരിത വാര്‍ഡായി പ്രഖ്യാപിക്കും. ജില്ലാ ഭരണകൂടമാണ് സീറോ വേസ്റ്റ് പഞ്ചായത്തുകളെ തെരഞ്ഞെടുക്കുക. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, 50 ശതമാനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയില്‍ ജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍, കുറ്റമറ്റ എം സി എഫ് പ്രവര്‍ത്തനം, 60 ശതമാനം വീടുകളിലും ജൈവ മാലിന്യ സംസ്‌കരണ സംവിധാനം, പഞ്ചായത്തുകളിലെ 60 ശതമാനം വീടുകളിലും മുനിസിപ്പാലിറ്റിയില്‍ 70 ശതമാനം വീടുകളിലും അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേന കൈമാറണം, ശുചിത്വ സാക്ഷരത ഉറപ്പുവരുത്തുക എന്നീ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പഞ്ചായത്തുകളെ സീറോ വേസ്റ്റ് പഞ്ചായത്തായി പ്രഖ്യാപിക്കും.
 
കോടഞ്ചേരിയില്‍ നെല്‍ സമൃദ്ധി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: നെല്‍കൃഷി വ്യാപന പദ്ധതിയായ നെല്‍ സമൃദ്ധിയുടെ ഭാഗമായി ജോര്‍ജ് എം തോമസ് എം എല്‍ എയുടെ ഫണ്ടുപയോഗിച്ച് മഞ്ഞളിച്ച് കേടായ കവുങ്ങ് കൃഷി വെട്ടിമാറ്റി 3 ഏക്കര്‍ നെല്‍കൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം കോടഞ്ചേരി അമ്പാട്ടുപടി വയലില്‍ ജോര്‍ജ് എം തോമസ് എം എല്‍ എ നിര്‍വഹിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പ് കമുകിന്‍ തോട്ടമാക്കിയ വയലുകള്‍ വീണ്ടും ഇവിടെ കതിരണിയാന്‍ പോവുകയാണ്. സാധ്യമായ എല്ലായിടത്തും നെല്‍കൃഷിയും പച്ചക്കറിയും സീസണനുസരിച്ച് വ്യാപിപ്പിക്കുമെന്ന് എം എ ല്‍ എ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചിഹ്ന അശോകന്‍, വാര്‍ഡ് അംഗങ്ങളായ മേഴ്‌സി കായിത്തറ, യു ടി ഷാജു, ജെസ്സി പിണക്കാട്ട്, സജിനി രാമന്‍കുട്ടി, ബിന്ദു ജോര്‍ജ്, റൂബി തമ്പി, കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ് കെ എ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വനജ ഉണ്ണി, ഷിബു പുതിയേടത്ത്, കേശവന്‍ കാരയില്‍, ജോണ്‍ അമ്പാട്ട്, ഷിജി ആന്റണി, പാടശേഖര സമിതി ഭാരവാഹികളായ അബ്ദുള്ള തട്ടൂര്‍, അബൂബക്കര്‍ മൗലവി, പരമേശ്വരന്‍ വള്ളി ക്കുടിയില്‍, അസീസ് ചന്ദനപ്പുറത്ത്, കൃഷി അസിസ്റ്റന്റുമാരായ രാജേഷ് കെ, ബിബിന്‍ പി, സജിത്ത് വര്‍ഗ്ഗീസ്, ജെയ്‌സണ്‍ ഈഴുക്കുന്നേല്‍, പോള്‍സണ്‍ അറക്കല്‍ എന്നിവര്‍ പങ്കെടുത്തു. അഗ്രോ സര്‍വീസ് സെന്റര്‍ ഫെസിലിറ്റേറ്റര്‍ അബൂബക്കര്‍ സി എന്നിവര്‍ പങ്കെടുത്തു. തെയ്യപ്പാറ വെള്ളു വയല്‍ പാടശേഖരസമിതിയാണ് നെല്‍കൃഷി ഏറ്റെടുത്ത് നടത്തുന്നത്. കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം തിരുവമ്പാടി അഗ്രോ സര്‍വീസ് സെന്റര്‍ ആണ് കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിച്ച് നിലം ഒരുക്കുന്നത്. കോടഞ്ചേരി കൃഷി ഭവന്റെ പരിധിയില്‍ ഈ വര്‍ഷം 70 ഏക്കറിനടുത്ത് നെല്‍കൃഷി വ്യാപിപ്പിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ് കെ എ എന്നിവര്‍ പറഞ്ഞു
 
കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്‌കൂളില്‍ സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു
കണ്ണോത്ത്: താമരശ്ശേരി സബ്ബ് ജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്‌കൂളില്‍ വെച്ച് സാഹിത്യശില്‍പശാല സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു. കഥാ രചന, കവിതാ രചന, ചിത്രരചന, കാവ്യാ ലാപനം, നാടന്‍പാട്ട്, അഭിനയം, പുസ്തകാസ്വാദനം എന്നീ വിഭാഗങ്ങളിലായി വിവിധ സ്‌കൂളുകളില്‍ നിന്നായി മുന്നൂറോളം കുട്ടികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. താമരശ്ശേരി എ ഇ ഒ മുഹമ്മദ് അബ്ബാസ് പദ്ധതി വിശദീകരണം നടത്തി. പുതുപ്പാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അംബിക മംഗലത്ത്, ദിലീപ് കുമാര്‍, ഷൈജ കെ, ഗോവിന്ദന്‍ കുട്ടി, ഷൈല പടപ്പനാരി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ യു ജോര്‍ജ് സ്വാഗതവും വിദ്യാരംഗം കോഓര്‍ഡിനേറ്റര്‍ കെ പി വാസു നന്ദിയും പറഞ്ഞു.
 
യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം; താമരശ്ശേരിയില്‍ കോണ്‍ഗ്രസ്സ് പ്രകടനം നടത്തി
താമരശ്ശേരി: യൂണിവേഴ്‌സിറ്റി കോളേജില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ കോണ്‍ഗ്രസ്സ് പ്രകടനം നടത്തി. നവാസ് ഈര്‍പ്പോണ, സി മുഹ്‌സിന്‍, വി കെ എ കബീര്‍, മഹീന്ദ്രന്‍, ഫസല്‍ കാരാട്ട്, രാജേഷ്, അജിത്ത് നായര്‍, ജാസില്‍, അഭിനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.
 
കാര്‍ഷിക സെമിനാറും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു
കുന്ദമംഗലം: കുന്ദമംഗലം കാര്‍ഷിക വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാറും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നര വര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയില്‍ വന്‍ മാറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ സഹകരണ മേഖല നല്‍കുന്ന വായ്പ 40% ആയി വര്‍ധിപ്പിക്കുക എന്ന ലക്ഷത്തോടെയാണ് സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ സഹകരണ സംഘത്തിന്റെ ഇടപെടലുകള്‍ നടത്തുന്നത്. ആദ്യഘട്ടത്തില്‍ 20 ശതമാനവും രണ്ടാം ഘട്ടത്തില്‍ 40% വര്‍ധിപ്പിക്കും. വായ്പ തോത് വര്‍ധിപ്പിക്കുന്നതിലൂടെ കര്‍ഷകരെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഉടമകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹരിതകേരളം പദ്ധതിയിലൂടെ നഷ്ടപ്പെട്ടുപോയ കാര്‍ഷികസംസ്‌കാരത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷത്തോടു കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിനൊപ്പം ജനങ്ങളും ഇതിനായി മുന്നോട്ട് വരണമെന്ന് മന്ത്രി പറഞ്ഞു.
 
ഭിന്നശേഷിക്കാരനായ യുവാവിനും കുടുംബത്തിനും വീടൊരുക്കി
താമരശ്ശേരി: ഭിന്നശേഷിക്കാരനായ യുവാവിനും കുടുംബത്തിനും വേണ്ടി കട്ടിപ്പാറ കെയര്‍ ഓണ്‍ വീല്‍സ് പാലിയേറ്റീവ് സൊസൈറ്റിയും പീപ്പിള്‍സ് ഫൗണ്ടേഷനും സംയുക്തമായി അമ്പായത്തോട് മിച്ചഭൂമിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ കൈമാറി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ എ ടി ഹരിദാസന്‍, എ വി ലോഹിതാക്ഷന്‍, കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി പി ബഷീര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ കെ അബ്ദുല്‍ മജീദ്, കെ ആര്‍ രാജന്‍, എം എ യൂസഫ് ഹാജി എന്നിവര്‍ സംസാരിച്ചു. കെ കെ അപ്പുക്കുട്ടി സ്വാഗതവും കെ ആര്‍ ബിജു നന്ദിയും പറഞ്ഞു.
 
കെ എസ് എഫ് ഇ കൊടുവള്ളി ബ്രാഞ്ച് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി
കൊടുവള്ളി: കെ എസ് എഫ് ഇ കൊടുവള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനം കൊടുവള്ളി- നരിക്കുനി റോഡില്‍ ഫോര്‍ച്ച്യൂണ്‍ മാളിന്റെ ഒന്നാം നിലയിലേക്ക് മാറ്റി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാനേജിങ് ഡയറക്ടര്‍ എ പുരുഷോത്തമന്‍ നിര്‍വഹിച്ചു. ബിസിനസ് മാനേജര്‍ വി പി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. എ ജി എം ആര്‍ രാജു, ബ്രാഞ്ച് മാനേജര്‍ വിനോദ്കുമാര്‍, ഹരിത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ചിലെ വിശിഷ്ട ഇടപാടുകാരായി തിരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങില്‍ ആദരിച്ചു.
 
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കും: ടി നസിറുദ്ദീന്‍
കോടഞ്ചേരി: വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. കോടഞ്ചേരിയില്‍ നടന്ന തിരുവമ്പാടി നിയോജക മണ്ഡലം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്ക് മത്സരിച്ചാല്‍ പല നിയമസഭ സീറ്റുകളിലും ഏകോപന സമിതി സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും, പ്രളയം മൂലം നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി ജെ ടെന്നിസണ്‍, റഫീഖ് മാളിക, ഐ സി സേതുമാധവന്‍, ഷാഹുല്‍ ഹമീദ്, അമീര്‍ മുഹമ്മദ് ഷാജി, അബ്ദുല്‍ റസാഖ്, പ്രേമന്‍ മണാശ്ശേരി,കെ സി നൗഷാദ്, ബാപ്പു ഹാജി, റോബര്‍ട്ട് അറക്കല്‍, സന്തോഷ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ നിയോജകമണ്ഡലം ഭാരവാഹികളായി പോള്‍സണ്‍ അറക്കല്‍ (പ്രസിഡന്റ്), പി പ്രേമന്‍ (ജനറല്‍ സെക്രട്ടറി), കെ സി നൗഷാദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
 
ഉപജില്ലാ ശാസ്ത്ര രംഗം ശില്‍പശാലക്ക് കട്ടിപ്പാറ നസ്റത്ത് യു പി സ്‌കൂളില്‍ തുടക്കമായി
കട്ടിപ്പാറ: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉപജില്ലാ ശാസ്ത്ര രംഗം ശില്‍പശാലക്ക് കട്ടിപ്പാറ നസ്റത്ത് യു പി സ്‌കൂളില്‍ തുടക്കമായി. ഉപജില്ലയിലെ ഹൈസ്‌കൂള്‍, യു പി സ്‌കൂളുകളില്‍ നിന്നായി 200 കുട്ടികളാണ് രണ്ട് ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവര്‍ത്തിപരിചയ വിഭാഗങ്ങളായാണ് ശില്‍പശാല ക്രമീകരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് ശില്‍പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഇന്ദിര ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം പി മുഹമ്മദ് അബ്ബാസ് പദ്ധതി വിശദീകരിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം റീന ബഷീര്‍, കൊടുവള്ളി ബി പി ഒ. വി എം മെഹറലി, പി ടി എ പ്രസിഡണ്ട് പ്രേംജി ജെയിംസ്, എച്ച് എം ഫോറം കണ്‍വീനര്‍ ദിലീപ് കുമാര്‍, നസ്റത്ത് എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക പ്രസന്ന ജോണ്‍, യു പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോസ് തോട്ടപ്പിളളി, ജോജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies