17-Feb-2019 (Sun)
 
 
 
കാവേരി ട്രിബ്യൂണല്‍ വിധി: ലഭ്യമാകുന്ന ജലത്തിന്റെ അളവ് കുറയും
കോഴിക്കോട്: കാവേരി ട്രിബ്യൂണല്‍ വിധിപ്രകാരം ബാണാസുര സാഗറിലേക്കും കുറ്റ്യാടി പദ്ധതിയിലേക്കും ലഭിക്കുന്ന ജലത്തിന്റെ അളവില്‍ വലിയ കുറവുണ്ടാകുന്നത് ആശങ്കാജനകമാണെന്നും കോഴിക്കോട് ജില്ലയെ ഇത് ബാധിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ട്രിബ്യൂണല്‍ വിധി പ്രകാരം 0.84 ടി എം സി ജലമാണ് നമുക്ക് ഇനി ലഭിക്കുക. നേരത്തെ ഇത് എട്ട് ടി എം സി ആയിരുന്നു. മലമ്പുഴ അണക്കെട്ടില്‍ ആകെയുള്ള വെള്ളം 7.5 ടി എം സിയാണെന്ന് അറിയുമ്പോഴാണ് കുറവ് വരുന്ന വെള്ളത്തിന്റെ വ്യാപ്തി മനസ്സിലാകുകയെന്ന് മന്ത്രി പറഞ്ഞു. 2002 ലെ ദേശീയ ജല നയ പ്രകാരം ജല വിതരണത്തില്‍ കുടിവെള്ളത്തിനും കൃഷിക്കുമാണ് മുന്തിയ പരിഗണന. കുറ്റ്യാടിയിലെ വെള്ളം പ്രാഥമികമായി ജലവൈദ്യുത പദ്ധതിക്കായതിനാല്‍ ട്രിബ്യൂണല്‍ വിധിയില്‍ വേണ്ടത്ര നമുക്ക് പരിഗണന ലഭിക്കാതെ പോയി. കുറ്റ്യാടി പദ്ധതിയില്‍ വൈദ്യുതി ആവശ്യം കഴിഞ്ഞുള്ള ജലമാണ് കോഴിക്കോടിന്റെ കുടിവെള്ള, കാര്‍ഷിക ആവശ്യത്തിന്റെ പ്രധാന സ്രോതസ്സെന്ന കാര്യം പരിഗണിക്കപ്പെടാതെ പോയി. ഇക്കാര്യത്തില്‍ കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
 
ജലസേചന പദ്ധതികളില്‍ കാര്‍ഷിക വികസനത്തിന് ഊന്നല്‍ നല്‍കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി
കോഴിക്കോട്: കുറ്റ്യാടി പദ്ധതി ഉള്‍പ്പെടെയുള്ള ജലസേചന പദ്ധതികള്‍ കാര്‍ഷിക വികസനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും കൃഷിയിലേക്ക് ആളെകൂട്ടി കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാന്‍ കഴിയണമെന്നും ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ ജലവിഭവ വകുപ്പ് പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലസേചന പദ്ധതികളിലൂടെ കാര്‍ഷിക വികസനത്തിന് ഊന്നല്‍ നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഓരോ പദ്ധതിയിലും എത്ര കൃഷി സ്ഥലം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് നോക്കുന്നത്. ജില്ലയിലെ 34 തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജലമെത്തിക്കുന്ന കുറ്റ്യാടി പദ്ധതിയില്‍ ലക്ഷ്യമിട്ടതിന്റെ എത്രയോ കുറവ് സ്ഥലത്താണ് കൃഷി നടക്കുന്നത്. ഇത് പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പ് മുന്‍ഗണന നല്‍കുമെന്നും ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും കൃഷി ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ജല അതോറിറ്റിയുടെ വിവിധ കുടിവെള്ള പദ്ധതികള്‍, വന്‍കിട ചെറുകിട ജലസേചന പദ്ധതികള്‍, കുറ്റ്യാടി ജലസേചന പദ്ധതി എന്നിവയുടെ പുരോഗതി യോഗം അവലോകനം ചെയ്തു. ജപ്പാന്‍ കുടിവെള്ള പദ്ധതി മെയ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജല അതോറിറ്റി യോഗത്തില്‍ ഉറപ്പു നല്‍കി. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വേഗത വേണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ തൊഴില്‍ എക്സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി ടി പി ശശീന്ദ്രന്‍, എം എല്‍ എമാരായ ഇ കെ വിജയന്‍, പി ടി എ റഹീം, എം കെ മുനീര്‍, സി കെ നാണു, ജോര്‍ജ് എം തോമസ്, കെ ദാസന്‍, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുള്ള, എ പ്രദീപ്കുമാര്‍, വി കെ സി മമ്മദ് കോയ, കാരാട്ട് റസാഖ്, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ വടകര താലൂക്ക് കണ്‍വന്‍ഷനും കലണ്ടര്‍ പ്രകാശനവും സംഘടിപ്പിച്ചു
വടകര: കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ വടകര താലൂക്ക് കണ്‍വന്‍ഷനും കലണ്ടര്‍ പ്രകാശനവും സംഘടിപ്പിച്ചു. വടകര കൊപ്ര ഭവനില്‍ നടന്ന പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു കക്കയം അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വാണിമേല്‍, ഹാഷിം വടകര, രഘുനാഥ് കുറ്റ്യാടി, ബാബുരാജ് ഒഞ്ചിയം തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായി അഷ്റഫ് വാണിമേല്‍(പ്രസിഡന്റ്), ബാബുരാജ് ഒഞ്ചിയം, സുധീര്‍ ഓര്‍ക്കാട്ടേരി(വൈസ് പ്രസി), ഹാഷിം വടകര(ജന. സെക്രട്ടറി), കെ കെ ശ്രീജിത്ത്, വത്സരാജ് മണലാട്ട്(ജോ. സെക്ര), രഘുനാഥ് കുറ്റ്യാടി(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
 
അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ പുഷ്പമേള 25ന്
കോഴിക്കോട്: കാലിക്കറ്റ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ 42-ാമത് സസ്യഫല പുഷ്പപ്രദര്‍ശനം കാലിക്കറ്റ് ഫ്ളവര്‍ ഷോ 2019 ജനുവരി 25 മുതല്‍ ഫെബ്രുവരി മൂന്നുവരെ കോഴിക്കോട് ബീച്ചില്‍ നടക്കും. തായ്വാനില്‍ നിന്ന് എത്തിക്കുന്ന അഞ്ചുലക്ഷം രൂപയുടെ ഓര്‍ക്കിഡുകളും ആന്തൂറിയവും ഉള്‍പ്പെടെ ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ പൂക്കളാണ് പ്രദര്‍ശനത്തിന് ഉണ്ടാവുക. കേന്ദ്രസ്ഥാപനങ്ങളായ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, അടക്കാ സുഗന്ധവിള ഗവേഷണ കേന്ദ്രം, സുഗന്ധവിള കേന്ദ്രം ചെലവൂര്‍, കൃഷിവിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി, കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ ജില്ലാ കൃഷിഫാം കൂത്താളി, കോക്കനട്ട് നഴ്സറി തിക്കോടി എന്നീ സ്ഥാപനങ്ങള്‍ ആധുനിക ഉല്‍പന്നങ്ങളുമായി വില്‍പനയ്ക്കും പ്രദര്‍ശനത്തിനുമായി എത്തുന്നതാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെകുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനായി പ്രത്യേക സെമിനാറുകളും ഫ്ളവര്‍ഷോയുടെ ഭാഗമായി ഉണ്ടാകും. നിത്യേന കലാപരിപാടികളും അരങ്ങേറും. കുട്ടനാടന്‍ വിഭവങ്ങളും മലബാര്‍ വിഭവങ്ങളും വയനാട്ടിലെ ഗിരിവര്‍ഗക്കാരുടെ പ്രത്യേക വിഭവങ്ങളും ഉള്‍പ്പെടെ എല്ലാജില്ലകളുടെയും തനതുരുചികള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യമേളയും പുഷ്പമേളയുടെ ഭാഗമാണ്. പുഷ്പമേളയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ 25ന് വൈകീട്ട് നാലിന് നിര്‍വഹിക്കും. ഇതിനു മുന്നോടിയായി 24ന് പൂഷ്്പാലംകൃത വാഹനഘോഷയാത്ര നഗരത്തെ പ്രദക്ഷിണം ചെയ്യും.
 
വിദ്യാഭ്യാസ മേഖലയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം: മന്ത്രി ടി പി രാമകൃഷ്ണന്‍
വടകര: വിദ്യാഭ്യാസ മേഖലയിലെ സൗകര്യങ്ങള്‍ നല്ല നിലയില്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രമിക്കണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വടകര സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്സ് പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ ഉന്നത നിലയിലെത്താനുള്ള ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ. കേരളത്തിന് വെളിയില്‍ പ്രശസ്തമായ യൂണിവേഴ്സിറ്റികളില്‍ നമ്മുടെ ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രവേശനം ലഭിക്കുന്നുണ്ടെന്നും തൊഴില്‍ ശക്തി വളര്‍ത്തി എടുക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും മന്ത്രി പറഞ്ഞു. ലക്ഷ്യ ബോധവും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍ ഏത് ലക്ഷ്യവും കൈവരിക്കാന്‍ സാധിക്കും. സിവില്‍ സര്‍വീസ് നമ്മുടെ കുട്ടികള്‍ക്ക് ബാലികേറാമലയല്ല. ഇതിന് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കി വരികയാണെന്നും പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ട്ടിച്ച് യുവതീ യുവാക്കളെ പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി കെ നാണു എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ റീനാ ജയരാജ്, വി ഗോപാലന്‍, പി അശോകന്‍, ഡി ഇ ഒ. സി മനോജ്കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ ആര്‍ അജിത്ത്, എടയത്ത് ശ്രീധരന്‍, പി അജിത്ത്, പി സലില്‍, കെ മധുസൂദനന്‍, സുരേഷ് ചെറിയാണ്ടി എന്നിവര്‍ പ്രസംഗിച്ചു.
 
എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി
മുക്കം: മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി. നീന്തല്‍ അറിയുന്ന എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നീന്തല്‍ പരിശീലനം ഉറപ്പുവരുത്തി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ പരീക്ഷാ മാര്‍ക്കിന് പുറമേ ബോണസ് മാര്‍ക്ക് നല്‍കി വരാറുണ്ട്. സംസ്ഥാനത്തെ മിക്ക തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പരിശീലനം നല്‍കുകയോ നീന്തല്‍ അറിയുമോ എന്ന് ഉറപ്പു വരുത്തുകയോ ചെയ്യാതെയുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുള്ളത്.
 
മുക്കം മേജര്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു
മുക്കം: മൂന്ന് നിയോജക മണ്ഡലങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവുന്ന മുക്കം മേജര്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. മുക്കം, കൊടുവള്ളി നഗരസഭകളിലും കാരശ്ശേരി, കൊടിയത്തൂര്‍, ചാത്തമംഗലം,മാവൂര്‍, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിന്നുള്ള നാനൂറ് കോടിരൂപയുടെ പദ്ധതിയാണ് വാട്ടര്‍ അതോറിറ്റി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചത്. അതാത് തദ്ധേശ സ്ഥാപനങ്ങള്‍ളുടെ നിയന്ത്രണത്തിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. കണക്ഷന്‍ നല്‍കുന്നതും കരം പിരിക്കുന്നതുമെല്ലാം തദ്ധേശ സ്ഥാപനങ്ങളായിരിക്കും. വാട്ടര്‍ അതോറിറ്റിയുടെ മാവൂര്‍ പ്ലാന്റില്‍ നിന്നും വെള്ളം നഗരസഭയിലേയും പഞ്ചായത്തുകളിലെയും പ്രധാന പൈപ്പുകളില്‍ എത്തിച്ചാണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ മുക്കം മുനിസിപ്പാലിറ്റിയിലും കാരശ്ശേരി, ഓമശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തില്‍ കൊടിയത്തൂര്‍, മാവൂര്‍ പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തില്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയിലും കിഴക്കോത്ത്, മടവൂര്‍ ഗ്രാമപഞ്ചായത്തുകളിലുമാണ് കുടിവെള്ളമെത്തുക. ആദ്യഘട്ടത്തില്‍ കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങല്‍ മലയിലാണ് 40 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിക്കുന്നത്. മുക്കത്ത് നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിന്ന് തീരുമാനമായി. 60 കോടിയുടെ പ്രവൃത്തിക്ക് ഭരണനാനുമതി ലഭിച്ചതായും ആദ്യഘട്ട പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജോര്‍ജ് എം തോമസ് എം എല്‍ എ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വെള്ളക്കരത്തിന് പുറമെ നടത്തിപ്പിനുള്ള ചിലവ് കൂടി കൂട്ടി പഞ്ചായത്തുകള്‍ക്ക് ഈടാക്കാമെന്നും അദ്ധേഹം പറഞ്ഞു. എം എല്‍ എ മാരായ അഡ്വ. പി ടി എ റഹീം, കാരാട്ട് റസാഖ്, മുക്കം നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍, കൊടുവള്ളി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി കെ വിനോദ്, സി ടി സി അബ്ദുള്ള, കെ എസ് ബീന, മുനീറത്ത്, ഗ്രേസി നെല്ലിക്കുന്നേല്‍, എന്‍ സി ഹുസൈന്‍, വി സി അബ്ദുല്‍ഹമീദ്, വാട്ടര്‍ അതോറിറ്റി ഉത്തരമേഖല ചീഫ് എന്‍ജിനീയര്‍ പി വി സുരേഷ് കുമാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം കെ മൊയ്തീന്‍ കോയ, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 
താമരശ്ശേരിയും പുതുപ്പാടിയും ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്
താമരശ്ശേരി: പുതുപ്പാടിയും താമരശ്ശേരിയും ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്. താമരശ്ശേരി പതിനെട്ടാം വാര്‍ഡിലും പുതുപ്പാടി ഒമ്പതാം വാര്‍ഡിലും അടുത്തമാസം 14 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തുടക്കം കുറിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായിരുന്ന കെ സി മാമുമാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്നാണ് പതിനെട്ടാം വാര്‍ഡായി പള്ളിപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 252 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാമു മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പട്ട ഇവിടെ വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റായ എന്‍ പി മുഹമ്മദലി മാസ്റ്ററെ മത്സരിപ്പിക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചു. കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വാര്‍ഡ് പിടിച്ചെടുക്കാനാണ് എല്‍ ഡി എഫിന്റെ നീക്കം. വ്യാഴാഴ്ച നടക്കുന്ന കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. 19 അംഗ ഭരണസമിതിയില്‍ യു ഡി എഫിന് നിലവില്‍ പന്ത്രണ്ടും എല്‍ ഡി എഫിന് ആറും അംഗങ്ങളാണുള്ളത്. പുതുപ്പാടി പഞ്ചായത്തിലെ ഒമ്പാംവാര്‍ഡായ വെസ്റ്റ് കൈതപ്പൊ യിലില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്‍ ഡി എഫ് അംഗം കെ പി ഷൈജല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രസിഡന്റ് സ്ഥാനം എസ് സി സംവരണമായ പുതുപ്പാടിയില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡി വൈ എഫ് ഐ നേതാവായ ഷൈജല്‍ രാജിവെച്ചത്. നിലവില്‍ എല്‍ ഡി എഫിന് പതിനൊന്നും യു ഡി എഫിന് ഒമ്പതും അംഗങ്ങളുമാണ് ഇവിടെയുള്ളത്. യു ഡി എഫ് പ്രതിനിധിയായ അംബികമംഗലത്തിനെ ആദ്യം പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും എല്‍ ഡി എഫ് അവിശ്വാസപ്രയമേയം കൊണ്ടുവന്നതിനെ തുടര്‍ന്ന് രാജിവെക്കുകയും യു ഡി എഫിലെ തന്നെ കെ കെ നന്ദകുമാര്‍ പ്രസിഡന്റാവുകയും ചെയ്തു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നന്ദകുമാര്‍ രാജിവെച്ചതോടെ അംബിക മംഗലത്ത് വീണ്ടും പ്രസിഡന്റായി. ഭൂരിപക്ഷമുള്ള എല്‍ ഡി എഫും പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് എസ് സി അംഗത്തെ വിജയിപ്പിച്ചെടുക്കാനായി ഷൈജല്‍ രാജിവെച്ചത്. 183 വോട്ടിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച വാര്‍ഡില്‍ വിജയം ഉറപ്പാണെന്നാണ് എല്‍ ഡി എഫിന്റെ വിലയിരുത്തല്‍. ബുധനാഴ്ച വൈകിട്ട് നടക്കുന്ന കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. വാര്‍ഡ് പിടിച്ചെടുക്കാന്‍ യു ഡി എഫും തന്ത്രങ്ങള്‍ മെനയുന്നുണ്ട്. അടുത്ത ദിവസം യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
 
തീപിടുത്ത ബോധവല്‍ക്കരണം: മോക് ഡ്രില്‍ സംഘടിപ്പിച്ചു
മുക്കം: തീപിടുത്തം പോലുള്ള അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനും അവസരോചിത ഇടപെടല്‍ നടത്തുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന്നായി മുക്കം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു. മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ പി ജയപ്രകാശ്, അസിസ്റ്റന്റ് ഓഫീസര്‍ എന്‍ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മോക് ഡ്രില്‍ നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി.
 
ജൈവകൃഷിയില്‍ വിജയം കൊയ്ത് സെബാസ്റ്റ്യനും കുടുംബവും
കോടഞ്ചേരി: സമ്മിശ്ര കൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് കോടഞ്ചേരി സ്വദേശി സെബാസ്റ്റിയന്‍. ദീര്‍ഘകാല വിളകള്‍ക്കൊപ്പം എല്ലാ വിധ പച്ചക്കറികളും സെബാസ്റ്റ്യന്റെ പുരയിടത്തില്‍ സമൃദ്ധമായി വളരുന്നുണ്ട്. ചെറുപ്രായം മുതല്‍ കാര്‍ഷിക വൃത്തിക്കായി ജീവിതം മാറ്റിവെച്ച സെബാസ്റ്റിയന്‍ എന്ന ബേബി മൂന്ന് ഏക്കര്‍ ഭൂമിയില്‍ റബര്‍, തെങ്ങ്, കമുക് തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കൊപ്പമാണ് കപ്പ, ചേന, ചേമ്പ് തുടങ്ങിയവയും പച്ചക്കറികളും വിളയിക്കുന്നത്.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies