18-Feb-2019 (Mon)
 
 
 
കുച്ചുപ്പുടിയില്‍ ദേശീയ അവാര്‍ഡ് നേടിയ താമരശ്ശേരിയുടെ കലാകാരന്‍ സജേഷ് നായര്‍ക്ക് സ്വീകരണം നല്‍കി
താമരശ്ശേരി: കുച്ചുപ്പുടിയില്‍ ദേശീയ അവാര്‍ഡ് നേടിയ താമരശ്ശേരിയുടെ കലാകാരന്‍ സജേഷ് നായര്‍ക്ക് താമരശ്ശേരിയില്‍ സ്വീകരണം നല്‍കി. ഒഡീഷയില്‍ നടന്ന കലിംഗവന്‍ ദേശീയ നൃത്തോത്സവത്തിലാണ് സജേഷ് നായര്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കലിംഗവന്‍ അവാര്‍ഡും കലിംഗ ഭദ്ര പുരസ്‌കാരവും നേടിയത്. കലിംഗവന്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ മലയാളിയെന്ന ബഹുമതിയും ഈ താമരശ്ശേരിക്കാരന്‍ സ്വന്തമാക്കി.
 
ദേശീയ കളരിപ്പയറ്റിലെ അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി
കൊടുവള്ളി: ദേശീയ കളരിപ്പയറ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മെഡലുകള്‍ നേടിയ പാലക്കുറ്റിയിലെ സി പി എം കളരി സംഘത്തിന് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ് ജേതാക്കളെയും പ്രദേശത്തെ മുതിര്‍ന്ന ഗുരുക്കന്‍മാരെയും ചടങ്ങില്‍ അഡ്വ. പി ടി എ റഹീം എം എല്‍ എ ആദരിച്ചു.
 
വഖഫ് സര്‍വ്വെക്ക് ജോയിന്റ് കമ്മീഷണറെ നിയമിക്കും; മന്ത്രി കെ ടി ജലീല്‍
കോഴിക്കോട്: സംസ്ഥാനത്തെ വഖഫ് സ്ഥാപനങ്ങളുടെ സര്‍വ്വെ ത്വരിതപ്പെടുത്തുന്നതിനായി മുഴുവന്‍ സമയ ജോയിന്റ് സര്‍വ്വെ കമ്മീഷണറെ നിയമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പു മന്ത്രി കെ ടി ജലീല്‍. 1960 ല്‍ രൂപീകൃതമായ കേരള വഖഫ് ബോര്‍ഡിന് 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാന്‍ തുടങ്ങിയതെന്നും നമ്മുടെ നാടിന്റെ മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും പ്രതീകമാണ് വഖഫ് ബോര്‍ഡെന്നും അദ്ദേഹം പറഞ്ഞു.
 
കലക്ടറുടെ പരാതി പരിഹാല അദാലത്തില്‍ പരിഗണനക്കെത്തിയത് 131 അപേക്ഷകള്‍
താമരശ്ശേരി: താമരശ്ശേരിയില്‍ നടന്ന ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തില്‍ പരിഗണനക്കെത്തിയത് 131 അപേക്ഷകള്‍. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്ന സാധാരണക്കാരെ സഹായിക്കാന്‍ താലൂക്കുകള്‍ തോറും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കലക്ടര്‍ എസ് ശീരാം സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയില്‍ നടത്തിയ അദാലത്തില്‍ 5 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.
 
കോരപ്പുഴ പാലം: യാത്രാ പ്രശ്‌നത്തിന് പരിഹാരം
കോരപ്പുഴ: കോരപ്പുഴ പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഉടലെടുത്ത യാത്രാ പ്രശ്‌നത്തിനു പരിഹാരമാകുന്നു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ പാലത്തിന്റെ ഇരു ഭാഗങ്ങളില്‍ നിന്നും ബസുകള്‍ ഓട്ടം തുടങ്ങും. കോരപ്പുഴ മുതല്‍ കൊയിലാണ്ടി വരെ ആറു ബസുകളും എലത്തൂര്‍ മുതല്‍ കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍്് വരെ ആറ് ബസുകളും സര്‍വീസ് നടത്താന്‍ യോഗത്തില്‍ തീരുമാനമായി. എലത്തൂര്‍ സ്റ്റാന്റ് മുതല്‍ കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്റ് വരെ സര്‍വീസ് നടത്തുന്ന ഒരു ബസ് ഏഴ്/ എട്ട് ട്രിപ്പുകള്‍ ഓടാനും യോഗത്തില്‍ ധാരണയായി. സമയക്രമം സംബന്ധിച്ച ധാരണ ബസുടമകള്‍ ആര്‍ ടി ഒക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം 20 മുതല്‍ തീരുമാനങ്ങള്‍ നടപ്പില്‍ വരും. യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, കോഴിക്കോട് ആര്‍ ടി ഒ. എ കെ ശശികുമാര്‍, വടകര ജോയിന്റ് ആര്‍ ടി ഒ. എന്‍ സുരേഷ് കുമാര്‍, എലത്തൂര്‍ അഡീ. എസ് ഐ. രാമചന്ദ്രന്‍ ടി, ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
വഖഫ് ട്രിബ്യൂണല്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ മൂന്നംഗ വഖഫ് ട്രിബ്യൂണല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം ഹൗസ്‌ഫെഡ് കെട്ടിടത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി കെ അബ്ദു റഹീം അധ്യക്ഷത വഹിച്ചു.
 
പെന്‍ഷന്‍ വിതരണത്തില്‍ തിരിമറി നടത്തിയെന്ന വാദം അടിസ്ഥാന രഹിതം: നിധീഷ് കല്ലുള്ളതോട്
താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണത്തിന്റെ പേരില്‍ ഗ്രാമപഞ്ചായത്തിനും കട്ടിപ്പാറ സര്‍വീസ് സഹകരണ ബേങ്കിനും എതിരായുള്ള കോണ്‍ഗ്രസ് പ്രചാരണം അസഹിഷ്ണുതയില്‍ നിന്നും ഉണ്ടായതാണെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തില്‍ തിരിമറി നടത്തിയെന്ന വാദം അടിസ്ഥാന രഹിതമാണ്. അവസാനമായി പെന്‍ഷന്‍ വന്നത് ക്രിസ്തുമസിനോട് അനുബന്ധിച്ചാണ്. നാലുമാസത്തെ പെന്‍ഷനായ 11702800 രൂപയില്‍ മരണപ്പെട്ടവരുടേത് ഒഴികെ ബാക്കിയെല്ലാം യഥാസമയം വിതരണം ചെയ്തിട്ടുണ്ട്. ത്രേസ്യാമ്മ പേട്ടയില്‍ എന്ന ഗുണപോക്താവിന് പെന്‍ഷന്‍ ലഭിച്ചില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഇവരുടെ രണ്ട് മക്കള്‍ തമ്മിലുള്ള കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ പെന്‍ഷന്‍ ലഭിച്ചില്ലെന്ന വ്യാജ പ്രചാരണം നടത്തുകയാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പെന്‍ഷന്‍ നല്‍കിയ സമയത്ത് ത്രേസ്യാമ്മ താമസിച്ചിരുന്നത് മകനായ ജോസിന്റെ വീട്ടിലാണ്. പണം ലഭിച്ചതായി ജോസ് പേട്ടയില്‍ ഗ്രാമപഞ്ചായത്തില്‍ അറിയിച്ചതാണ്. ത്രേസ്യാമ്മയുടെ മറ്റൊരു മകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ വര്‍ക്കി തനിക്ക് പണം ലഭിച്ചില്ലെന്ന ആരോപണവുമായി സഹോദരനെതിരെ രംഗത്തെത്തിയത് കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കി കള്ള പ്രചാരണം നടത്തുകയാണെന്നും നിധീഷ് കല്ലുള്ളതോട് അറിയിച്ചു.
 
പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേട് ആരോപിച്ച് കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേട് നടക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പെന്‍ഷന്‍ വിതരണം നടത്തേണ്ട കട്ടിപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിനിധി പെന്‍ഷന്‍ ഗുണഭോക്ത്താക്കള്‍ക്ക് നല്‍കാതെ തിരിമറി നടത്തുന്നുവെന്നാണ് ആരോപണം. മരിച്ചവരുടെ പെന്‍ഷന്‍ കുടുംബങ്ങള്‍ക്ക് നല്‍കുകയോ സര്‍ക്കാറിലേക്ക് തിരിച്ചടക്കുകയോ ചെയ്യാതെ പെന്‍ഷന്‍ വിതരണം നടത്തുന്ന ബാങ്ക് പ്രതിനിധികള്‍ കൈവശം വെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മാര്‍ച്ച് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡണ്ട് അനില്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിജു കണ്ണന്തറ, മുഹമ്മദ് ഷാഹിം, ബീന ജോര്‍ജ്, വല്‍സമ്മ അനില്‍, പി കെ സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
എളേറ്റില്‍ എം ജെ ഹയര്‍ സെക്കണ്ടറിക്ക് പുതിയ കെട്ടിടം
എളേറ്റില്‍: എളേറ്റില്‍ എം ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നിര്‍മിച്ച പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍ സ്മാരക കെട്ടിടം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസ്സൈന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂര്‍ മാസ്റ്റര്‍, സി പോക്കര്‍ മാസ്റ്റര്‍, റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണ, എന്‍ മുരളി, സി ടി ഭരതന്‍ മാസ്റ്റര്‍, സി ടി വനജ, കെ കെ ജബ്ബാര്‍ മാസ്റ്റര്‍, റജ്‌ന കുറുക്കാംപൊയില്‍, എം എസ് മുഹമ്മദ് മാസ്റ്റര്‍, കെ എം ആഷിഖ് റഹ്മാന്‍, കെ പി മുഹമ്മദ് മാസ്റ്റര്‍, പി പി അബൂബക്കര്‍ ഹാജി, എന്‍ അബ്ദുല്‍ഹഖ്, തോമസ് മാത്യു, ഡോ. കെ അബ്ദുല്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. മാനേജര്‍ ഹബീബ് റഹ്മാന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ എം മുഹമ്മദലി നന്ദിയും പറഞ്ഞു.
 
കിഴക്കോത്ത് പാലോറ മലയിലെ നിര്‍മാണത്തിനെതിരെ സമരം ശക്തമാക്കുന്നു
കിഴക്കോത്ത്: കാവിലുമ്മാരം പാലോറ മലയിലെ റിസോര്‍ട്ട് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു. കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് പിന്‍വലിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്. മതിയായ പരിശോധനകള്‍ ഇല്ലാതെയാണ് വിവിധ വകുപ്പുകള്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies