21-Jan-2019 (Mon)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
കേരള മുസ്ലിം ജമാഅത്തിന്റെ കരിഞ്ചോല പുനരധിവാസം; അഞ്ചാമത്തെ വീട് ചേപ്പാലയില്‍
പൂനൂര്‍: കേരള മുസ്ലിം ജമാഅത്തിന്റെ കരിഞ്ചോല പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള അഞ്ചാമത്തെ വീടിന്റെ പ്രവര്‍ത്തി ആരംഭിച്ചു. ഉരുള്‍ പൊട്ടലില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെട്ട തട്ടാരുപറമ്പില്‍ ഹന്നത്തിനും മകള്‍ ഫിദക്കുമാണ് പൂനൂര്‍ ചേപ്പാല തട്ടാരുപറമ്പില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. ദുരന്തത്തില്‍ പരുക്കുകളോടെ രക്ഷപ്പെട്ട ഹന്നത്ത് പൂനൂരിലെ ബന്ധു വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഹന്നത്തിന്റെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് പുനരധിവസിപ്പിക്കുന്നതിനായാണ് ചേപ്പാലയില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. വീടിന്റെ കുറ്റി അടിക്കല്‍ കര്‍മ്മം കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗണ്‍സില്‍ അംഗം സയ്യിദ് അലവി മശ്ഹൂര്‍ ആറ്റ തങ്ങള്‍ നിര്‍വഹിച്ചു. കരിഞ്ചോല പുനരധിവാസ കമ്മിറ്റി അംഗങ്ങളായ സയ്യിദ് അബ്ദുസബൂര്‍ ബാഹസന്‍, പി കെ അബ്ദുല്‍ നാസര്‍ സഖാഫി, വാര്‍ഡ് മെമ്പര്‍ രാഘവന്‍, സി കെ അബ്ദുല്‍ അസീസ് ഹാജി, ജയന്‍ പാടത്തും കുഴി, ചേപ്പാല അസീസ് മാസ്റ്റര്‍, ബൈജു പനയുള്ള കണ്ടി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ ചേപ്പാല, മുജീബ് ചേപ്പാല, എ പി അബ്ദുറഹ്മാന്‍, അഷ്‌റഫ് അമാനത് എന്നിവര്‍ പങ്കെടുത്തു.
 
കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടത്തിലേക്ക്
പുതുപ്പാടി: കുടുംബശ്രീ സംഘടന സംവിധാനത്തെ ശക്തീകരിക്കുന്നതിനായുള്ള കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാകുകയാണ് പുതുപ്പാടിയിലെ അയല്‍ക്കൂട്ടങ്ങള്‍. ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന ക്ലാസുകള്‍ ജനുവരി 13 ന് സമാപിക്കും. അയല്‍കൂട്ട അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ ബോധവല്‍കരണം നടത്തുന്ന ഈ സമൂഹാധിഷ്ഠിത പരിശീലന പരിപാടിയില്‍ 6 വിഷയങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. 12 മണിക്കൂര്‍ ക്ലാസില്‍ പങ്കെടുത്ത് അറിവും അനുഭവങ്ങളും പങ്ക് വെയ്ക്കുകയും തങ്ങളുടെ ഭാവിയെ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.
 
ഇതര സംസ്ഥാനക്കാരെ മലയാളം പഠിപ്പിച്ച് സംസ്ഥാന സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതി
നരിക്കുനി: കോഴിക്കോട് നരിക്കുനിയില്‍ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന പദ്ധതി വിജയത്തിലേക്ക്. സംസ്ഥാന സാക്ഷരതാ മിഷന് കീഴില്‍ ചങ്ങാതി എന്ന പേരില്‍ ജില്ലകളിലെ ഓരോ കേന്ദ്രങ്ങളില്‍ നടത്തുന്ന മലയാള പഠന ക്ലാസ് ഇതര സംസ്ഥാനക്കാര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ പരിശീലന കേന്ദ്രമായ നരിക്കുനിയില്‍ നൂറില്‍ പരം ഇതര സംസ്ഥാനക്കാരാണ് ക്ലാസിനെത്തിയത്. നിത്യ ജീവിതത്തില്‍ ഉപയോഗിക്കേണ്ടി വരുന്ന അത്യാവശ്യ വാക്കുകള്‍ പറയാന്‍ പഠിപ്പിക്കുന്നതോടൊപ്പം ബസ്സിന്റെ ബോര്‍ഡുകള്‍ ഉള്‍പ്പെടെ വായിക്കാനും ഇവരെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അക്ഷരാഭ്യാസം തീരെ ഇല്ലാത്തവരാണ് ഇവരില്‍ ഏറെയും. ഇവര്‍ക്ക് മലയാളത്തോടൊപ്പം ഹിന്ദിയും അത്യാവശ്യ കണക്കുകളും പഠിപ്പിക്കുണ്ട്.
 
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ കാവിലുമ്മാരം എന്‍ ബി ടി ഹാളില്‍ വെച്ച് ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസൈന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് യു പി നഫീസ ആധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എം മനോജ് പദ്ധതി വിശദീകരണം നടത്തി. എം എ ഗഫൂര്‍ മാസ്റ്റര്‍, ശ്രീജ സത്യന്‍, മുഹമ്മദ് അശ്‌റഫ്, എം എസ് മുഹമ്മദ്, ഇഖ്ബാല്‍ പന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ ഗിരിജ നന്ദിയും രേഖപ്പെടുത്തി
 
ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
താമരശ്ശേരി: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നാദാപുരം വിഷ്ണുമംഗലം ചെറിയ ചെമ്പോട്ടുമ്മല്‍ അരുണിനെ(26)യാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞയാഴ്ച 2.200 കിലോ കഞ്ചാവുമായി അറസ്റ്റിലായ താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി സജീഷ് കുമാറില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ നീക്കത്തിലാണ് അരുണ്‍ അറസ്റ്റിലായത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി നൗഫല്‍, ജിനീഷ്, ഷാജു, അശ്വന്ത് വിശ്വന്‍, മനോജ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.
 
മലയോര മഹോത്സവത്തിന് ആകര്‍ഷകമായ ടൂര്‍ പാക്കേജുകള്‍
മുക്കം: ജനുവരിയില്‍ തിരുവമ്പാടിയില്‍ നടക്കുന്ന മലയോര മഹോത്സവം പ്രദേശത്തെ ടൂറിസം വികസനത്തിന് പുത്തനുണര്‍വാകും. മഹോത്സവത്തോടനുബന്ധിച്ച് ആകര്‍ഷകമായ ടൂര്‍ പാക്കേജുകളാണ് സംഘാടകര്‍ മുന്നോട്ടു വെയ്ക്കുന്നത്. മുക്കത്തെ ടൂര്‍ ഓപ്പറേറ്റര്‍മാരായ മുക്കം ഹോളിഡേയ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം മലയോര മേഖലയില്‍ കര്‍ഷകരുടെ ഫാമുകള്‍, ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങിയവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയദുരന്തത്തില്‍ മുരടിച്ച മലയോരത്തെ കാര്‍ഷിക, വ്യാപാര മേഖലയ്ക്ക് ഉണര്‍വേകാന്‍ ജനുവരി 11 മുതല്‍ 27 വരെ തൊണ്ടിമ്മല്‍ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് മലയോര മഹോത്സവം സംഘടിപ്പിക്കുന്നത്. സംഘാടകസമിതിയുടെ നേതൃത്വത്തില്‍ ടൂറിസം പാക്കേജുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് സാധ്യതാ പഠനയാത്ര നടത്തി. ഗ്രാമപഞ്ചായത്തംഗം വില്‍സണ്‍ താഴത്തുപറമ്പില്‍ ഫ്ലാഗ് ഓഫ് ചെയ്തു. കൊ-ഓര്‍ഡിനേറ്റര്‍ അജു എമ്മാനുവല്‍, ഒ കെ ഷാജി, അര്‍ഷഖ് ഖാന്‍, സല്‍മാനുല്‍ ഫാരിസ്, പോള്‍സണ്‍ അറക്കല്‍, ബേബി പെരുമാലില്‍, പി ചന്ദ്രബാബു, സി ടി രാജേഷ്, ഫസല്‍ബാബു, ബെനീറ്റോ ചാക്കോ, അംജദ്ഖാന്‍ റഷീദി, ഹബീബി എന്നിവര്‍ നേതൃത്വം നല്‍കി.
 
ചുരം ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; വളവുകള്‍ വീതികൂട്ടാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു
അടിവാരം: വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മുടിപ്പിന്‍ വളവുകള്‍ വീതികൂട്ടാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വനഭൂമി വിട്ടുകൊടുത്തതിനെ തുടര്‍ന്നാണ് മുടിപ്പിന്‍ വളവുകള്‍ വീതി കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. വനഭൂമി വിട്ടു കിട്ടാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയത്തിന് അപേക്ഷ നല്‍കുകയും വനഭൂമിയുടെയും മുറിച്ചു മാറ്റുന്ന മരങ്ങളുടെയും വിലയായി 32 ലക്ഷം രൂപ അടക്കുകയും ചെയ്തിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളുടെ പേരില്‍ വനഭൂമി വിട്ടുകൊടുക്കുന്നത് വൈകിയിരുന്നു. കഴിഞ്ഞ ജനുവരി 17 ന് മന്ത്രി ജി സുധാകരനും പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവുവും ന്യൂഡല്‍ഹിയിലെത്തി കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറി സി കെ മിശ്രയുമായി ചര്‍ച്ച നടത്തിയാണ് കുരുക്കുകള്‍ അഴിച്ചത്. ഇതോടെ വിവിധ പ്രദേശങ്ങളിലായി 2.25 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ട് കേന്ദ്രം ഉത്തരവിറക്കുകയായിരുന്നു. കുന്ദമംഗലം മുതല്‍ ലക്കിടി വരെയുള്ള 42 കിലോ മീറ്റര്‍ നവീകരണത്തിനുള്ള പദ്ധതിയില്‍ ചുരത്തിലെ 3, 5 വളവുകള്‍ വീതി കൂട്ടുന്നതിനായി ആറ് കോടി രൂപ ഉള്‍പ്പെടുത്തിയിരുന്നു. നിയമക്കുരുക്കുകള്‍ അഴിഞ്ഞതോടെ 3, 5 വളവുകള്‍ വീതികൂട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചു. അഞ്ചാം വളവിലാണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്. 3 മീറ്റര്‍ വീതിയില്‍ 45 മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ഫില്ലര്‍ സ്ഥാപിച്ചാണ് വളവില്‍ വീതി കൂട്ടുന്നത്. ഇതോടെ റോഡിന്റെ വീതി 30 മീറ്ററിലെത്തും. മൂന്നാം വളവിലും വീതി കൂട്ടുന്നതിനുള്ള പ്രവൃത്തി ഉടന്‍ ആരംഭിക്കും. ചുരത്തിലെ 2, 4, 9 വളവുകള്‍ നേരത്തെ വീതി കൂട്ടി ഇന്റര്‍ ലോക്ക് പതിച്ചിരുന്നു. മറ്റു വളവുകള്‍ വീതി കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് ദേശീയാപാതാ വിഭാഗം പറഞ്ഞു.
 
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ നടത്തി
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ സ്‌പെഷ്യല്‍ ഗ്രാമസഭ വള്ളിയാട് ബഡ്‌സ് സ്‌കൂളില്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമസഭ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചകളില്‍ നിര്‍ദ്ദേശിക്കപ്പട്ടു. ഫിസിയോ തെറാപ്പി സൗകര്യം നടപ്പിലാക്കാനും ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കാനും ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കാനും നിര്‍ദ്ദേശങ്ങള്‍ വന്നു. സ്സാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, ഐബി റെജി, എം ഇ ജലീല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ജി ഗീത, ആര്‍ എം അബ്ദുള്‍ റസാഖ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജമീല, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ സജി എന്നിവര്‍ സംസാരിച്ചു.
 
തോടന്നൂര്‍: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വയോജന സൗഹൃദ ഹരിതകേന്ദ്രവും ഹൈടെക് ലൈബ്രറിയും പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്ന തോന്നലിനു പകരം നാടിന്റെ സ്വത്താണ് തങ്ങളെന്ന ബോധ്യം വയോജനങ്ങളിലുണ്ടാക്കുവാന്‍ കഴിയുന്ന ഒരു സ്ഥാപനമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മാറ്റിയെടുക്കുകയെന്നതാണ് ലക്ഷ്യമെന്നും അറുപതു വയസിനു മുകളിലുള്ളവര്‍ക്കു വായിച്ചിരിക്കാന്‍ ഒരിടം എന്നതു മാത്രമല്ല അറിവുകള്‍ പുതുതലമുറയ്ക്കു പങ്കുവച്ചുനല്‍കുക എന്നതുകൂടിയാണ് വയോജന ഹരിതകേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്നും പ്രസിഡന്റ് അറിയിച്ചു. വയോജനങ്ങള്‍ക്ക് സൗഹൃദം പുതുക്കാനും വായിക്കുവാനും വിശ്രമിക്കുവാനും വേണ്ടിയുള്ളതാണ് ഈ വയോജന സൗഹൃദകേന്ദ്രം. ഓഫീസ് കോംപൗണ്ട് വയോജന സൗഹൃദപാര്‍ക്ക് ആക്കി മാറ്റുവാനുള്ള പദ്ധതിയും നടപ്പിലാവുകയാണ്. ജോയിന്റ് ബി ഡി ഒ. പി ആര്‍ സാലിമോന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് എന്‍ജിനിയര്‍ എസ് സ്വീറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജി ഇ ഒ. ടി പ്രീത, സി ഡി പി ഒ. എന്‍ പി തസ്ലീന, വി കെ കുട്ടി മാസ്റ്റര്‍, വടയക്കണ്ടി നാരായണന്‍, വള്ളില്‍ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. അങ്കണവാടി പ്രവര്‍ത്തകരും നന്മ അഗ്രോ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തകരും സംബന്ധിച്ചു.
 
അഴിയൂര്‍: ജനകീയാസൂത്രണ പദ്ധതയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ മേഖലകളിലെ വിദഗ്ധന്‍മാരുടെ യോഗം സംഘടിപ്പിച്ചു. സ്ത്രീകളെ തൊഴില്‍ മുഖത്ത് എത്തിക്കുന്നതിന് വേണ്ടി ആട് ഗ്രാമം പദ്ധതി, ഗ്രീന്‍ പ്രോട്ടോകോള്‍ യൂനിറ്റ് സ്ഥാപിക്കല്‍, തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് കുഴികള്‍, പ്ലാസ്റ്റിക്ക് ടോള്‍ ബൂത്തുകള്‍, സഞ്ചരിക്കുന്ന ഭോജനശാല, ഉത്തരവാദിത്വ ടുറിസം പദ്ധതി തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ യോഗം അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇ ടി അയ്യൂബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് മെമ്പര്‍മാരായ മനോളി അലി, സുധ കുളങ്ങര, വി പി ജയന്‍, സെന്‍ട്രല്‍ ബാങ്ക് മാനേജര്‍ ശ്രീക്കുട്ടന്‍, കേരള ഗ്രാമീണ്‍ ബേങ്ക് പ്രതിനിധി ജയ്‌സണ്‍ പി, റൂറല്‍ ബാങ്ക് പ്രതിനിധി സജീവന്‍, ആയിഷ ഉമ്മര്‍, കെ കെ രഞ്ചീത്ത് കുമാര്‍, മട്ടാണ്ടി ബാലന്‍, അനില്‍കുമാര്‍ വി പി, സുശീല പി കെ, പ്രവീണ, ഡോ. ബാബുരത്‌നം, ഗീത കെ കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രാമസഭകള്‍, വികസന സെമിനാര്‍ എന്നിവിടങ്ങളില്‍ യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
 
 

All rights reserved | Website developed and maintained by Zyonz Technologies