![]() |
ക്ഷയരോഗ ബാധിതര്‍ ഇടക്ക് ചികിത്സ നിര്‍ത്തുന്നത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനം |
കോഴിക്കോട്: ക്ഷയരോഗ ബാധിതര്‍ ഇടക്ക് ചികിത്സ നിര്‍ത്തുന്നത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. ആറുമാസം തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകള്‍ ഇടക്ക് നിര്‍ത്തുന്നത് രോഗിയുടെ മരണത്തിന് വരെ കാരണമാവുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടു മാസത്തോളം മരുന്ന് കഴിക്കുന്നതോടെ രോഗ ലക്ഷണങ്ങള്‍ കുറയുന്നതാണ് പരലെയും ചികിത്സയില്‍നിന്നും പിന്തിരിപ്പിക്കുന്നത്. കൂടാതെ മദ്യം, മയക്കുമരുന്ന് എന്നിവക്ക് അടിമപ്പെട്ടവരും ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരക്കാര്‍ക്ക് പിന്നീട് ചികിത്സ ഫലിക്കില്ലെന്ന് മാത്രമല്ല ഇവരില്‍നിന്നും രോഗം പകരുന്നവര്‍ക്കും ചികിത്സ ഫലിക്കാതെവരും. ഇത്തരത്തില്‍ ചികിത്സ നിര്‍ത്തുന്നവര്‍ക്കും ഇവരില്‍നിന്നും രോഗം പകരുന്നവര്‍ക്കും പിന്നീട് രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായുള്ള ചികിത്സ ആവശ്യമായി വരും. 13 പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട മുക്കം ട്രീറ്റ് മെന്റ് യൂണിറ്റിനുകീഴില്‍ കഴിഞ്ഞവര്‍ഷം 317 ടി ബി ബാധിതരാണ് രജിസ്റ്റര്‍ ചെയ്തത്. ഈവര്‍ഷം ഇതേവരെയായി 46 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തോളം പേര് രജിസ്റ്റര്‍ ചെയ്യാനുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന രോഗികളില്‍ 84 ശതമാനവും സുഖം പ്രാപിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇടക്ക് ചികിത്സ നിര്‍ത്തുന്നതും രോഗം സ്ഥിരീകരിക്കാന്‍ വൈകുന്നതുമാണ് 16 ശതമാനമാളുകളുടെ ജീവന് കവരുന്നത്. ക്ഷയരോഗം ചികിത്സിച്ച് ബേധമാക്കാമെന്നതും ഇടക്ക് ചികിത്സ നിര്‍ത്തുന്നത് കൂടുതല്‍ അപകടമാണെന്നതും ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞാല്‍ ക്ഷയരോഗബാധിതരെ പൂര്‍ണമായും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. |
All rights reserved | Website developed and maintained by Zyonz Technologies