20-Nov-2019 (Wed)
 
 
 
 
‍മാതൃകയാക്കാം കതീജയുടെ ഈ നല്ല മനസ്സിനെ
   
vps
04-Nov-2019
 

പുല്‍പറമ്പ്: ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി പൊതു ആവശ്യത്തിനുവേണ്ടി വിട്ടുകൊടുത്ത കതീജ വലിയ പണക്കാരിയായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. മന്ത്രിയുടെയും എം എല്‍ എയുടെയും നാട്ടുകാരുടെയും മുമ്പില്‍ വിനയാന്വിതയായി പുഞ്ചിരിച്ചുകൊണ്ട് നിന്ന അവരുടെ ജീവിതം കേട്ടപ്പോഴാണ് ആടുവളര്‍ത്തല്‍ ജീവിതോപാധിയാക്കിയ നന്‍മ നിറഞ്ഞ മനസിന്റെ പേരാണ് കതീജയെന്ന് മനസിലായത്. കാര്‍ഷിക ഗ്രാമമായ നായര്‍കുഴിയിലെയും പരിസരങ്ങളിലെയും കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ രണ്ട് കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതിക്കു വേണ്ടി വെള്ളമെത്തുന്ന ടാങ്ക് നിര്‍മ്മിക്കാന്‍ അനുയോജ്യമായ ഇടമന്വേഷിച്ചവര്‍ക്കടുത്തേക്ക് സൗജന്യമായി സ്ഥലം നല്‍കാന്‍ സന്നദ്ധയായി മുമ്പോട്ടു വന്നത് നായര്‍കുഴിയിലെ പ്രധാന റോഡിന്റെ അരികില്‍ താമസിക്കുന്ന ബംഗ്ലാവില്‍ കതീജയാണ്.
 

പുല്‍പറമ്പ് എന്‍ സി ഓഡിറ്റോറിയത്തില്‍ നായര്‍കുഴി ലിഫ്റ്റ് ഇരിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ പി ടി എ റഹീം എം എല്‍ എയുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയില്‍ നിന്ന് നാടിന്റെ സ്‌നേഹം നിറച്ച ചെറിയൊരു ഉപഹാരം സ്വീകരിക്കുമ്പോഴും കതീജയുടെ മുഖത്ത് ഭാവമാറ്റമൊന്നും കണ്ടില്ല. പൈതൃകമായി ലഭിച്ച ഇത്തിരി ഭൂമിയില്‍ നിന്ന് പൊതു ആവശ്യത്തിനായി നല്‍കിയ സ്ഥലം വലിയ ദാനമായി ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെടും എന്നത് മാത്രമായിരുന്നു അവരുടെ പ്രതികരണം. പുല്‍പറമ്പ് നായര്‍കുഴി റോഡിന്റെ ഓരത്ത് ചെറിയൊരു വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന കതീജയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കണിയാത്ത് നിന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് നായര്‍കുഴിയിലേക്ക് താമസം മാറ്റിയ ഇവര്‍ക്ക് മക്കളില്ല. മാവൂര്‍ പൈപ്പ് ലൈന്‍ റോഡ് നിര്‍മ്മിക്കാന്‍ തന്റെ പതിനാറ് സെന്റ് സ്ഥലം ഇവര്‍ നേരത്തെ വിട്ടു നല്‍കിയിരുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies