ഗൃഹപ്രവേശത്തിനെത്തിയവരെ സ്വീകരിച്ചത് ദുരന്തവാര്‍ത്ത;
ബന്ധുവിനെ രക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു.
തിരുവമ്പാടി: ബന്ധുവിനെ രക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു. മാനന്തവാടി തലപ്പുഴ സ്വദേശി അബ്ദുറഹിമാന്റെ മകന് ഹബീബറഹ്മാന്(19) ആണ് മരിച്ചത്. അബ്ദുറഹിമാന്റെ സഹോദരി തലപ്പുഴ കോട്ടിയാര്‍ ആയിഷയുടെ മകന് അഷ്റഫ്(19) ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായര്‍ രാവിലെ പതിനൊന്നു മണിയോടെ തിരുവമ്പാടി തോട്ടത്തിന് കടവ് മടപ്പള്ളിക്കടവിലായിരുന്നു സംഭവം.
തോട്ടത്തിന്‍കടവ് പുത്തന്മഠം കോളനിയില്‍ അബ്ദുറഹിമാന് വാങ്ങിയ വീടിന്റെ ഗൃഹപ്രവേശ സല്‍ക്കാരമായിരുന്നു ഞായറാഴ്ച. ഇതില്‍ പങ്കെടുക്കാനെത്തിയ അഷ്റഫും ഹബീബുറഹ്മാനും സുഹൃത്തായ അബൂബക്കര്‍ സിദ്ധീകും പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. പുഴയിലിറങ്ങിയ അഷ്റഫ് കഴത്തില്‍ അകപ്പെട്ടതോടെ ഹബീബുറഹ്മാന് രക്ഷപ്പെടുത്താന്‍ പുഴയിലിറങ്ങി. നിമിശങ്ങള്‍ക്കകം ഇരുവരും കഴത്തിലകപ്പെട്ടു. അബൂബക്കര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും കരക്കെത്തിച്ചെങ്കിലും ഹബീബുറഹ്മാന് മരിച്ചിരുന്നു. മുക്കം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
റഹീനയാണ് മാതാവ്. സഹോദരങ്ങള്‍: ഫസലുറഹ്മാന്, ഹസീബുറഹ്മാന്‍(ഇരുവരും നീലേശ്വരം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍). ഒരു വര്‍ഷത്തോളമായി ഓമശ്ശേരിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന അബ്ദുറഹിമാനും കുടുംബവും പുത്തന്മഠം കോളനിയില്‍ കൊച്ചുവീട് വിലക്കുവാങ്ങി കഴിഞ്ഞദിവസമാണ് താമസം ആരംഭിച്ചത്. ഏറെ ആഹ്ലാദത്തോടെ ഗൃഹപ്രവേശത്തിനെത്തിയവരെ സ്വീകരിച്ചത് ദുരന്തവാര്‍ത്തയാണ്.