നിരവധി മോഷണ കേസുകളിലെ പ്രതികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.
കൊടുവള്ളി: നിരവധി മോഷണ കേസുകളിലെ പ്രതികളായ രണ്ടുപേരെ മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി കൊടുവളളി പോലീസില്‍ ഏല്പിച്ചു.മോഷണം പതിവായ വാവാട് പ്രദേശത്ത് നാട്ടുകാരുടെ പെട്രോളിംഗാണ് കുപ്രസിദ്ധ മോഷ്ടാക്കളെ കുടുക്കിയത്.
മുപ്പതോളം കേസുകളിലെ പ്രതിയായ പുതുപ്പാടി കാക്കവയല്‍ നേരാങ്കാട്ടില് റഫീഖ് എന്ന തൊരപ്പന് റഫീഖ്, പതിനഞ്ചോളം കേസുകളില്‍ പ്രതിയായ ബാലുശ്ശേരി കൊട്ടാരമുക്ക് കുഴിതളത്തില്‍ ഉണ്ണികൃഷ്ണന് എന്നിവരാണ് പിടിയിലായത്.
രാത്രി പന്ത്രണ്ടുമണിയോടെ വാവാട് അങ്ങാടിക്ക് സമീപം ചുറ്റിക്കറങ്ങിയ കെ എല്‍ 56 ജെ 778 നമ്പര്‍ ഓട്ടോറിക്ഷ നിരീക്ഷിച്ച നാട്ടുകാര്‍ സാഹസികമായാണ് ഇവരെ വലയിലാക്കിയത്. പ്രദേശത്ത് അടുത്തിടെ മോഷണം വ്യാപകമായതോടെയാണ് നാട്ടുകാര്‍ നിരീക്ഷണം ആരംഭിച്ചത്. ഓട്ടോയില്‍നിന്നും ഇറങ്ങിയ ആളോട് കാര്യമന്വേഷിച്ചപ്പോള്‍ അക്രമിച്ചു. ഇതോടെ കൂടുതല്‍ പേര്എത്തിയെങ്കിലും ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപ്പെട്ടിരുന്നു. ഓട്ടോ പെട്ടന്ന് മുന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഓട്ടോയില്‍ പറ്റിപ്പിടിച്ചു. അല്പം മുന്നോട്ടു നീങ്ങിയ ഓട്ടോ മറിച്ചിട്ടാണ് മോഷ്ടാക്കളെ കീഴ്പെടുത്തിയത്. ഓട്ടോയില്‍ നിന്നും കമ്പിപ്പാര, വടിവാള്‍, കൊടുവാള്, ഡ്രില്ല് എന്നിവ കണ്ടെടുത്തു.
തൊരപ്പന് റഫീഖാണ് സംഘ തലവന്‍. കാഞ്ഞങ്ങാട്, മഞ്ചേരി, തൊട്ടില്‍പാലം, പെരുവണ്ണാമുഴി, കൊയിലാണ്ടി, ബാലുശ്ശേരി, കാക്കൂര്‍, താമരശ്ശേരി, മുക്കം, കോടഞ്ചേരി, തിരുവമ്പാടി, കൊടുവള്ളി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മുപ്പതോളം കേസുകളിലെ പ്രതിയാണ് തൊരപ്പന് റഫീഖ്. മുക്കം അമ്പലക്കണ്ടിയില്‍ വെച്ച് മാസങ്ങള്‍ക്കുമുമ്പ് നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണത്തിനിറങ്ങിയത്. നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് സാരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജറാക്കി. സംഘത്തിലെ രണ്ടുപേരെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബാലുശ്ശേരി സ്വദേശിയുടേതാണ് ഓട്ടോയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.