18-Nov-2018 (Sun)
 
 
 
 
‍പുതുപ്പാടിയില്‍ അറവുശാല മാലിന്യങ്ങളുമായെത്തിയ കണ്ടൈനര്‍ ലോറി അഗ്നിക്കിരയാക്കി
   
vps
30-Aug-2018
 

പുതുപ്പാടി: കുപ്പായക്കോട് കളപ്പുറം റോഡില്‍ കള്ളാടിക്കാവ് ഭാഗത്ത് അറവുശാല മാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച കണ്ടൈനര്‍ ലോറി അജ്ഞ്യാതര്‍ അഗ്നിക്കിരയാക്കി. ചൊവ്വാഴ്ച രാവിലെയാണ് കള്ളാടിക്കാവ് ഭാഗത്ത് മാലിന്യം നിറച്ച കെ എ 21 എ 5875 നമ്പര്‍ കണ്ടൈനര്‍ ലോറി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പുഴയോരത്ത് റോഡരികില്‍ താഴ്ന്ന നിലയിലായി കണ്ടെത്തിയ ലോറി വൈകിട്ടോടെ ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്തു.ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി വാഹനം തടഞ്ഞു. വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു.

 

കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി രണ്ട് ജീവനക്കാരെയും ലോറിയും കസ്റ്റഡിയിലെടുത്തു. പ്രദേശം താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തിയതിനാല്‍ കേസ് താമരശ്ശേരി പോലീസിന് കൈമാറി. റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും തീ ഉയരുന്നത് ബുധനാഴ്ച്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയാണ് തീ അണച്ചത്. മാലിന്യങ്ങള്‍ പുഴയില്‍ തള്ളാനുള്ള ശ്രമത്തിനിടെയാണ് ലോറി റോഡില്‍ കുടുങ്ങിയതെന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിക മംഗലത്ത് പറഞ്ഞു. മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിച്ചതിനും വാഹനം അഗ്‌നിക്കിരയാക്കിയതിനും കേസെടുക്കുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies