24-Sep-2018 (Mon)
 
 
 
 
‍പുതുപ്പാടിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതം
   
vps
06-Sep-2018
 

പുതുപ്പാടി: ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും ഭീതി പരിത്തിയ പുതുപ്പാടി പഞ്ചായത്തില്‍ എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നു. തോട്ടം മേഖലകളില്‍ പോലും എലിപ്പനി പോലത്തെ പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂലൈ എട്ടിന് കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്ന് ഭാഗത്തുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ആരംഭിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും ഒമ്പതാം തിയ്യതി മുതല്‍ ആരോഗ്യ വകുപ്പിന്റെ സാന്നിധ്യമുണ്ടായിരുന്നു. വെള്ളപ്പൊക്കം കാരണമായുണ്ടാവുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരെ അന്നുമുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ആരംഭിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ആദ്യ ഘട്ടത്തില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും ഇരയായവരെയും രക്ഷാ പ്രവര്‍ത്തനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായവരെയും കേന്ദ്രീകരിച്ചായിരുന്നു ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം. ഇവര്‍ക്ക് എലിപ്പനിക്കെതിരായ ഡോക്‌സി സൈക്ലിന്‍ ഗുളിക ഉള്‍പ്പെടെയുള്ള പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുകയും വ്യക്തി ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.

 

പിന്നീട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ക്വാഡുകളായി തിരിഞ്ഞ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. മലിന ജലം കലരാന്‍ സാധ്യതയുള്ള കിണറുകള്‍ ക്ലോറിനേഷന്‍ നടത്തുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ഒന്‍പതിനായിരത്തില്‍ പരം ആളുകള്‍ക്കാണ് ഇതിനകം എലിപ്പനിക്കെതിരായ ഡോക്‌സി സൈക്ലിന്‍ ഗുളിക വിതരണം ചെയ്തു. ഉരുള്‍പൊട്ടലുണ്ടായ ദിവസം മുതല്‍ ദുരന്ത ഭൂമിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോഴും കര്‍മ നിരതരാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ കെ ജനാര്‍ധനന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ കെ അനില്‍കുമാര്‍, കെ വി ഷിബു, ബഷീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ആശാ വര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും പൊതു ജനങ്ങളും പങ്കാളികളാവുന്നുണ്ട്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies