18-Nov-2018 (Sun)
 
 
 
 
‍നിരവധി മോഷണ കേസുകളിലെ പ്രതികളായ രണ്ടുപേര്‍ താമരശ്ശേരിയില്‍ പിടിയില്‍
   
vps
08-Sep-2018
 

താമരശ്ശേരി: നിരവധി മോഷണ കേസുകളില്‍ പ്രതികളായ രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പില്‍ ഷഹനാദ്(25), ഇയാളുടെ മാതൃ സഹോദരി ഭര്‍ത്താവ് കാസര്‍ക്കോട് ഹോസ്ദുര്‍ഗ് പുള്ളൂര്‍പീടിക നസീമ കോട്ടേഴ്‌സില്‍ താമസിക്കുന്ന അലാവുദ്ദീന്‍(44) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ലാപ് ടോപ്പ്, ക്യാമറ, മൊബൈല്‍ഫോണ്‍, പണം എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. താമരശ്ശേരി കാരാടിയിലെ പെട്രോള്‍ പമ്പില്‍ നടന്ന മോഷണത്തിന്റെ അന്വേഷണമാണ് നിരവധി മോഷണ കേസുകള്‍ക്ക് തുമ്പുണ്ടാക്കിയത്. ആഗസ്റ്റ് മൂന്നിനാണ് പെട്രോള്‍ പമ്പില്‍ സൂക്ഷിച്ച അയ്യായിരം രൂപ മൂല്യമുള്ള വിദേശ കറന്‍സിയും അഞ്ഞൂറ് രൂപയും അപഹരിക്കപ്പെട്ടത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഷഹനാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

 

കുറ്റം സമ്മതിച്ച പ്രതി ആഗസ്റ്റ് 17 ന് താമരശ്ശേരി പുതിയ ബസ്റ്റാന്റിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നും ലാപ്‌ടോപ്പും ഇരുപതിനായിരം രൂപയും മൊബാല്‍ ഫോണും മോഷ്ടിച്ചതായും പോലീസിന് മൊഴി നല്‍കി. ഇരുവരും ചേര്‍ന്ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്തെ സ്റ്റുഡിയോയില്‍ നിന്നും ക്യാമറയും സമീപത്തെ കടയില്‍ നിന്ന് ലാപ്‌ടോപ്പും മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു. ലാപ്‌ടോപ്പുകള്‍ ഇരുവരും ചേര്‍ന്ന് വില്‍പ്പന നടത്തുകയും വില്‍ക്കാന്‍ കഴിയാതിരുന്ന ക്യാമറ തിരൂരിലെ ക്ലോക്ക് റൂമില്‍ സൂക്ഷിക്കുകയുമായിരുന്നു. കൂടാതെ ഫറോക്ക് മണ്ണൂരിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും ടാബ്, മൊബൈല്‍ഫോണ്‍, പണം എന്നിവയും മുക്കം മുത്താലത്തെ കടയില്‍ നിന്നും മൊബൈല്‍ ഫോണും മോഷ്ടിച്ചത് ഇവരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഇവര്‍ പണം അപഹരിച്ചതായും സൂചനയുണ്ട്. പ്രായപൂര്‍ത്തി ആവും മുന്നെ ഷഹനാദ് നിരവധി മോഷണ കേസുകളില്‍ പ്രതിയായിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രിന്‍സിപ്പല്‍ എസ് ഐ സായൂജ് കുമാര്‍, അഡീഷനല്‍ എസ് ഐ അബ്ദുസ്സലീം, എ എസ് ഐ മാരായ സുരേഷ്, അനില്‍കുമാര്‍, സി പി ഒ മാരായ അര്‍ജുന്‍, രാജേഷ്, ലിനീഷ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies