18-Nov-2018 (Sun)
 
 
 
 
‍താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ തീരാ ദുരിതത്തില്‍
   
vps
12-Sep-2018
 

താമരശ്ശേരി: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ദുരിതം മാത്രം. മലയോര മേഖലയുടെ സിരാ കേന്ദ്രമായ താമരശ്ശേരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആയിരത്തിലേറെ ആളുകളാണ് പതിവായി ചികിത്സ തേടിയെത്തുന്നത്. പനിയും മറ്റു രോഗങ്ങളുമായി എത്തുന്ന പ്രായമാവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മണിക്കൂറുകളോളം കാത്തുനിന്നാല്‍ മാത്രമേ ഡോക്ടറെ കാണാനുള്ള ഒ പി ശീട്ട് ലഭിക്കുകയുള്ളൂ. തുടര്‍ന്ന് ഡോക്ടറെ കാണാനുള്ള ഊഴത്തിനായും മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. മരുന്ന് ലഭിക്കാനാണ് അതിലേറെ പ്രയാസം. ആയിരത്തിലേറെ രോഗികള്‍ക്ക് മരുന്നു നല്‍കാന്‍ പലപ്പോഴും ഒന്നോ രണ്ടോ ഫാര്‍മസിസ്റ്റുമാരാണ് ജോലിയിലുണ്ടാവുക.

 

ചൊവ്വാഴ്ച്ച രാവിലെ ആശുപത്രിയിലെത്തിയവര്‍ വൈകിട്ട് വരെ മരുന്നിനായി കാത്തുനിന്നെങ്കിലും നാലുമണിയോടെ ഫാര്‍മസി അടച്ച് ജീവനക്കാര്‍ സ്ഥലം വിടാനൊരുങ്ങിയത് സംഘര്‍ഷത്തിന് കാരണമായി. രോഗികളും കൂടെയുള്ളവരും ബഹളം വെച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ഫാര്‍മസിസ്റ്റുമാര്‍ എത്തി അഞ്ചുമണിയോടെയാണ് മരുന്ന് വിതരണം പൂര്‍ത്തിയാക്കിയത്. അഞ്ച് ഫാര്‍മസിസ്റ്റുകളെങ്കിലും ആവശ്യമാണെങ്കിലും രണ്ടോ മൂന്നോ ആളുകളാണ് മരുന്ന് വിതരണത്തിന് ഉണ്ടാവാറുള്ളത്. ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്താനോ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാനോ ആശുപത്രി മാനേജിംഗ് കമ്മിറ്റി തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies