20-Mar-2019 (Wed)
 
 
 
 
‍വിഭവ സമാഹരണം; താമരശ്ശേരിയില്‍ ലഭിച്ചത് 28.36 ലക്ഷം
   
vps
14-Sep-2018
 

താമരശ്ശേരി: പ്രകൃതിക്ഷോഭത്തില്‍ ഉള്ളുലഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാന്‍ കൈകോര്‍ത്ത് മലയോര ജനത. പ്രകൃതിക്ഷോഭത്തിലും മഴക്കെടുതിയിലും ജില്ലയില്‍ കുടുതല്‍ മരണവും നാശനഷ്ടങ്ങളും നേരിട്ട താലൂക്കാണ് താമരശേരി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ക്യാമ്പുകളിലും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കം വലിയസഹായങ്ങളാണ് ഇവിടുത്തെ ജനം നല്‍കിയത്. വ്യാഴാഴ്ച താമരശേരി റെസ്റ്റ്ഹൗസില്‍ തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിനും നല്ല പിന്തുണയാണ് ലഭിച്ചത്. രാവിലെ ഒമ്പത് മുതല്‍ പകല്‍ മൂന്ന് വരെ നടന്ന വിഭവസമാഹരണത്തില്‍ 28,36,163 രൂപ കിട്ടി. എല്‍കെജി വിദ്യാര്‍ഥികള്‍ മുതല്‍ പെന്‍ഷന്‍കാര്‍ വരെ സഹായവുമായെത്തി. രാഷ്ട്രീയപാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, സ്‌കൂള്‍ മാനേജ്മെന്റുകള്‍, വ്യാപാരികള്‍, സൊസൈറ്റികള്‍, പള്ളികമ്മിറ്റികള്‍, സന്നദ്ധസംഘടനകള്‍, കലാകാരന്മാര്‍, സ്വകാര്യവ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ നവകേരള നിര്‍മ്മാണത്തിന് മുതല്‍കൂട്ടാകുന്ന ധനസമാഹരണത്തിലേക്ക് സംഭവനയുമായെത്തി.സിപിഐ എം താമരശേരി ഏരിയ കമ്മിറ്റി 10 ലക്ഷമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് 15,000 രൂപ നല്‍കി. കിഴക്കോത്ത് പന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റെഡ്ക്രോസ് വിദ്യാര്‍ഥികള്‍ സമാഹരിച്ച 90,070 രൂപ വിദ്യാര്‍ഥികളും അധ്യാപകരും കൈമാറി. കളരാന്തിരി ക്രസന്റ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ ഫാത്തിമ നെഹ്ല താന്‍ സൂക്ഷിച്ചുവച്ച 500 രൂപയുടെ പണക്കുടുക്കയുമായാണ് എത്തിയത്. ഇതേ സ്‌കൂളിലെ വിദ്യര്‍ഥികളും അധ്യാപകരടക്കമുള്ള ജീവനക്കാരും 50,000 രൂപയുടെ ചെക്കും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട തങ്ങളുടെ സ്‌കൂളിലെ വിദ്യാര്‍ഥിക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് പുറമെ വിഭവസമാഹരണത്തിലേക്ക് 50,000 രൂപയും നല്‍കി പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ മാതൃകയായി. പൂനൂര്‍ ഗാഥാ കോളേജ് 75,000 രൂപയാണ് നല്‍കിയത്. കോഴിക്കോട് പാലാഴിയില്‍ നിന്ന് താമരശ്ശേരിയിലെത്തി ശാന്തി സ്പെഷ്യല്‍ അയല്‍കൂട്ടത്തിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മ 1000 രൂപയാണ്് നല്‍കിയത്. മലബാറിലെ വിവിധ ജില്ലകളില്‍ കലാപ്രകടനങ്ങള്‍ നടത്തി കിട്ടിയ 28,732 രൂപയുമായാണ് ഒരുകൂട്ടം കലാകാരന്മാര്‍ എത്തിയത്. ഒടുങ്ങാക്കാട് മഖാം ട്രസ്റ്റ് 50,000 രൂപ നല്‍കി.കാരാട്ട് റസാക്ക് എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ്, ഡെപ്യുട്ടി കലക്ടര്‍ കെ ഹിമ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, വിവിധ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies