15-Dec-2018 (Sat)
 
 
 
 
‍കോരങ്ങാട് പൊതു ശ്മശാനത്തില്‍ അശാസ്ത്രീയമായി മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
   
vps
17-Sep-2018
 

കോരങ്ങാട്: താമരശ്ശേരി കോരങ്ങാട് പൊതു ശ്മശാനത്തില്‍ അശാസ്ത്രീയ രീതിയില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോരങ്ങാട് അങ്ങാടിക്ക് സമീപത്തായി ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു ശ്മശാനത്തില്‍ ചകിരിയും പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നുവെന്നാണ് ആക്ഷേപം. ഇതു കാരണം ദിവസം മുഴുവന്‍ പരിസരമാകെ പുകയാല്‍ മൂടപ്പെടും. ദുര്‍ഗന്ധം അസഹ്യമാണെന്നും വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങളുടെ അസ്ഥികള്‍ പ്രദേശത്ത് കൂട്ടിയിട്ട നിലയിലാണ്. ഇവ ചാരത്തിനൊപ്പം വളമായി ഉപയോഗിക്കുകയാണ് പതിവ്. ഇത് മൃതദേഹത്തോടുള്ള അനാദരവാണെന്നും നാട്ടുകാര്‍ പറയുന്നു.

 

ആധുനിക രീതിയിലുള്ള ശ്മശാനം നിര്‍മിക്കുന്നുവെന്ന വ്യാജേനെ പഞ്ചായത്ത് അധികൃതര്‍ നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഇലക്ട്രിക് സംവിധാനം ഒരുക്കുന്നവരെ ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അര്‍ധ രാത്രിയില്‍ പോലും യാതൊരു രേഖകളുമില്ലാതെ മൃതദേഹങ്ങള്‍ ഇവിടെയെത്തിച്ച് ദഹിപ്പിക്കുന്നതായും ആരോപണമുണ്ട്. നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരം കാണാത്തതിനാല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ആദ്യ ഘട്ടമെന്ന നിലക്ക് ഈ മാസം 25 ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies