ക്ലീന്‍ ഗ്രീന്‍ കൊയിലാണ്ടി കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ശുചിത്വ പദ്ധതിയായ ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ സമ്പൂര്‍ണ്ണ മാലിന്യസംസ്കരണ ഹരിതവല്‍ക്കരണ പദ്ധതിയുടെ തുമ്പൂര്‍മുഴി കമ്പോസ്റ്റ് യൂണിറ്റ് കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ജില്ലാ കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ. കെ സത്യന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി സി കവിത മുഖ്യാതിഥിയായി. മണമില്ലാത്ത മാലിന്യസംസ്കരണം എന്ന ലക്ഷ്യത്തിലേക്കുള്ള കൊയിലാണ്ടി നഗരസഭയുടെ ചുവടുവെപ്പാണ് ഇതിലൂടെ നഗരസഭ സാധ്യമാക്കുന്നത്്. നഗരത്തിലെ പുതിയ ബസ് സ്റ്റാന്റ് ടൗണ്‍ ഹാള്‍, കംഫര്‍ട്ട് സ്റ്റേഷന് പരിസരം എന്നിവടങ്ങളിലാണ് തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചത്. പ്ലാസ്റ്റിക്കുകള്‍ എത്തിച്ച് തരംതിരിച്ച് സംസ്കരിക്കുന്നതിനായി കൊയിലാണ്ടി മാര്‍ക്കറ്റ് കെട്ടിടത്തില്‍ പ്രത്യേക സൗകര്യം തയ്യാറാക്കിയിട്ടുണ്ട്. ജൈവമാലിന്യം സംസ്കരിക്കുന്നതിനായി പരിശീലനം നേടിയ 15 ഹരിതവളണ്ടിയര്‍മാര്‍ നഗരത്തിലെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് മാലിന്യം ശേഖരിച്ച് ദിവസേന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച തുമ്പൂര്‍മുഴി സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കും. 44 വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി 100 ഹരിതകര്‍മസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കും. ഓരോ വാര്‍ഡിലും രണ്ടു വീതം വളണ്ടിയര്‍മാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ മജീദ് എം പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്ന് തുമ്പൂര്‍മുഴി കൊയിലാണ്ടി മോഡല്‍ രൂപകല്പന ചെയത ജയപ്രകാശിന് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വി കെ പത്മിനി ഉപഹാരം സമര്‍പ്പിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ എന്‍ കെ ഭാസ്കരന്, കെ ഷിജു മാസ്റ്റര്‍, അജിത വി കെ, ദിവ്യ സെല്‍വരാജ്, കൗണ്‍സിലര്‍മാരായ എം സുരേന്ദ്രന്, യു രാജീവന് മാസ്റ്റര്‍, വി പി ഇബ്രാഹിം കുട്ടി, സി ഡി എസ് ചെയര്‍പേഴ്സണ്‍മാരായ റീജ യു കെ, ഇന്ദുലേഖ എം പി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി സുന്ദരന്‍ മാസ്റ്റര്‍ സ്വാഗതവും നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന് സോളമന് നന്ദിയും പറഞ്ഞു.