11-Dec-2018 (Tue)
 
 
 
 
‍കരിഞ്ചോല ഉരുള്‍പൊട്ടല്‍; വീട്ടുവാടക നല്‍കി തുടങ്ങി
   
vps
04-Oct-2018
 

കട്ടിപ്പാറ: കരിഞ്ചോല ഉരുള്‍പൊട്ടലിനിരയായവരെ പുനരധിവസിപ്പിച്ച വീടുകളുടെ വാടക നല്‍കി തുടങ്ങി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കും ഭീതി കാരണം കിടപ്പാടം ഉപേക്ഷിച്ചവര്‍ക്കും ദുരിതാശ്വാസ കമ്മിറ്റി എടുത്തു നല്‍കിയ വീടുകളുടെ മൂന്നുമാസത്തെ വാടകയാണ് വീട്ടുടമകള്‍ക്ക് നല്‍കി തുടങ്ങിയത്. കാരാട്ട് റസാഖ് എം എല്‍ എ ചെയര്‍മാനും തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് കണ്‍വീനറും ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസ്സന്‍ അവേലം ട്രഷററുമായ കമ്മിറ്റിയാണ് വീടുകളുടെ വാടക നല്‍കുന്നത്. വീടുകളുടെ വാടക നല്‍കാന്‍ ജില്ലാ കലക്ടര്‍ മുഖേന സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും തീരുമാനം വൈകുന്നതിനെ തുടര്‍ന്നാണ് കമ്മിറ്റി തന്നെ വാടക നല്‍കാന്‍ തീരുമാനിച്ചത്.

 

27 കുടുംബങ്ങള്‍ വാടക വീടുകളിലേക്ക് മാറിയെങ്കിലും പത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുടെ വാടക ആവശ്യമില്ലെന്നാണ് വീട്ടുടമകള്‍ അറിയിച്ചത്. ബാക്കി വരുന്ന 17 കുടുംബങ്ങള്‍ക്ക് മൂന്നു മാസത്തെ വാടകയാണ് വിതരണം ചെയ്യുന്നത്. ഇതിന്നായി ഒന്നര ലക്ഷത്തോളം രൂപ ആവശ്യമാണ്. രണ്ട് മക്കളും വീടും നഷ്ടപ്പെട്ട സലീം കരിഞ്ചോലയുടെയും വി കെ ജലീലിന്റെയും കുടുംബങ്ങള്‍ താമസിക്കുന്ന വീടിന്റെ വാടക കൈമാറിക്കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റും പുനരധിവാസ കമ്മിറ്റി വര്‍ക്കിംഗ് കണ്‍വീനറുമായ നിധീഷ് കല്ലുള്ളതോട് വാടക വിതരണം ഉദ്ഘാടനം ചെയ്തു. വീട്ടുവാടക വൈകിയെന്നാരോപിച്ച് നേരത്തേ പ്രതിഷേധം ഉയര്‍ന്നിരുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies