തഹസില്‍ദാരെ അപായപ്പെടുത്താന്‍ ശ്രമിച്ച ടിപ്പര്‍ ഡ്രൈവര്‍ അറസ്റ്റില്‍
കുറ്റിയാടി: ഡപ്യൂട്ടി തഹസില്‍ദാരെയും സംഘത്തെയും ടിപ്പര്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൊയിലാണ്ടി ഡപ്യൂട്ടി തഹസില്‍ദാര്‍ പി ശശിധരനെയും സംഘത്തെയും അപായപ്പെടുത്താന്‍ ശ്രമിച്ച ടിപ്പര്‍ ഡ്രൈവര്‍ തോടന്നൂര്‍ കന്നിനട ചെറിയവളപ്പില്‍ മുസ്തഫയെ(39)യാണ് കുറ്റിയാടി എസ് ഐ. പി എസ് ഹരീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30നു പുലര്‍ച്ചെ 6 മണിക്ക് വേളം പളളിയത്ത് വച്ചായിരുന്നു സംഭവം. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പെരിഞ്ചേരി കടവില്‍ നിന്ന് അനധികൃതമായി മണല്‍ കയറ്റി വരികയായിരുന്ന ടിപ്പര്‍ തടയാനുള്ള ശ്രമത്തിനിടെയാണ് തഹസില്‍ദാരെ അപായപ്പെടുത്താനുള്ള നീക്കം നടന്നത്. ടിപ്പര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതി വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.