ക്യാമ്പസസ് ഓഫ് കോഴിക്കോട് മികച്ച കലാലയങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബന്ധതയും സേവന മനോഭാവവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാഭരണ കൂടം ആരംഭിച്ച ക്യാമ്പസസ് ഓഫ് കോഴിക്കോട് വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഒരു വര്‍ഷത്തിനിടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ മികച്ച കലാലയത്തിനുള്ള അവാര്‍ഡ് ലിസ്സ കോളേജിന് ലഭിച്ചു. ഫറൂഖ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. കെ എം സി ടി കോളേജ്, ലിസ്സ കോളേജ്, പ്രൊവിഡന്‍സ് കോളേജ്, ഗോകുലം കോളേജ്, ഫാറൂഖ് കോളേജ്, സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മാറ്റേകി. പ്രളയത്തിന് മുന്‍പും പ്രളയവും പ്രളയനാന്തരവും കേരളം എന്ന ആശയത്തില്‍ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രതീകാത്മക നൃത്താവിഷ്ക്കാരവും വിദ്യാര്‍ത്ഥികളുടെ സംഗീത പരിപാടികളും ചടങ്ങില്‍ നടന്നു. 15 അവാര്‍ഡുകള്‍ ആണ് ചടങ്ങില്‍ വിതരണം ചെയ്തത്.
71 കോളേജുകളില്‍ നിന്നായി അയ്യായിരത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് ക്യാമ്പസസ് ഓഫ് കോഴിക്കോടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
ജലസാക്ഷരത, മാലിന്യനിര്‍മ്മാര്‍ജനം, പാലിയേറ്റീവ് കെയര്‍, ഭിന്നശേഷി ശുശ്രൂഷ എന്നീ നാല് പദ്ധതികളിലാണ് ക്യാമ്പസസ് കോഴിക്കോട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മഴവെള്ള സംഭരണികള്‍, കടലാസുപേന നിര്‍മ്മാണം, വൃക്ഷത്തൈ നടല്‍, ചികിത്സാക്യാമ്പുകള്‍, മരുന്ന് വിതരണം, വസ്ത്രവിതരണം, ഭക്ഷണ വിതരണം, ഗ്രാമനഗര ശുചീകരണം, ബോധവത്കരണ സെമിനാറുകള്‍, പരിശീലന ക്യാമ്പുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടത്തി കഴിഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ എസ് അഞ്ജു, കോഴിക്കോട് എല്‍ ആര് തഹസില്‍ദാര്‍ ഇ അനിത കുമാരി, ഫറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ എം നസീര്‍, പി സി ശ്രീകുമാര്‍, എന്‍ പ്രേമചന്ദ്രന്, കോര്‍ഡിനേറ്റര്‍ പ്രകാശ് മാത്യു, ക്യാമ്പസസ് കോഴിക്കോട് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.