11-Dec-2018 (Tue)
 
 
 
 
‍കെ വി മോയിന്‍കുട്ടിഹാജി അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും
   
vps
12-Oct-2018
 

കൊടുവള്ളി: കരുവന്‍പൊയില്‍ പൗരാവലിയും കെ വി മോയിന്‍കുട്ടിഹാജി മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കെ വി മോയിന്‍കുട്ടിഹാജി അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും 14ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കരുവന്‍പൊയിലില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ കൊടുവള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊടുവള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും മതസാമൂഹികസാംസ്‌കാരികവിദ്യാഭ്യാസകാര്‍ഷിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വമായിരുന്നു കെ വി ഹാജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന കെ വി മോയിന്‍കുട്ടിഹാജി.

 

തെരഞ്ഞടുപ്പിലൂടെ ആദ്യമായി നിലവില്‍ വന്ന കൊടുവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമ പ്രസിഡന്റായിരുന്നു ഇദ്ദേഹം. കൊടുവള്ളി ഗവ. ഹൈസ്‌കൂള്‍, കരുവന്‍പൊയില്‍ ഗവ. യു പി സ്‌കൂള്‍, കെടയത്തൂര്‍ ഗവ. എല്‍ പി സ്‌കൂള്‍, വെണ്ണക്കോട് ഗവ. എല്‍പി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ മുക്കം മുസ്ലിം ഓര്‍ഫനേജിന്റെ അനുബന്ധ സ്ഥാപനങ്ങള്‍, നിരവധി ആരാധാലയങ്ങള്‍, മദ്രസകള്‍, റോഡുകള്‍ എന്നിവക്ക് സ്വന്തം ഭൂമിയും സാമ്പത്തിക സഹായവും ഇദ്ദേഹം നല്‍കിയിരുന്നു. പാവപ്പെട്ടവരുടെ പുനരധിവാസം, വന്‍തോതിലുള്ള വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവക്കായി സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഇദ്ദേഹം നീക്കിവെച്ചിരുന്നു. വ്യവസായസാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് പി വി ഗംഗാധരനും വിദ്യാഭ്യാസ രംഗത്തെ മികവിന് മെഹറൂഫ് മണലൊടിക്കുമാണ് പുരസ്‌കാരം നല്‍കുന്നത്. 10,001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കരുവന്‍പൊയില്‍ മൊയോട്ടക്കടവ് റോഡിന് കെ വി മോയിന്‍കുട്ടിഹാജി റോഡ് എന്ന നാമകരണം ചെയ്യലും നിര്‍ധന കുടുംബത്തിന് വീട് വെക്കാന്‍ നല്‍കുന്ന സ്ഥലത്തിന്റെ രേഖയുടെ കൈമാറ്റവും ചടങ്ങില്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിക്കും. പി ടി എ റഹിം എം എല്‍ എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ടി പി കുഞ്ഞാലിഹാജി, കണ്‍വീനര്‍ കെ വി അബ്ദുല്‍മജീദ്, ഭാരവാഹികളായ പി ടി സി മോയിന്‍, പി അബു, കെ വി അബ്ദുല്‍ഗഫൂര്‍, സി എം ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies