18-Nov-2018 (Sun)
 
 
 
 
‍പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
   
vps
17-Oct-2018
 

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി എല്‍ ഡി എഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. ദുരിതാശ്വാസ നിധിയില്‍ പോലും അഴിമതി നടത്തിയ പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് ഭരണ സമിതിയില്‍ ഭൂരിപക്ഷമുള്ള എല്‍ ഡി എഫ് പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മലയോരത്തെ പിടിച്ചു കുലുക്കിയ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലും നേതൃത്വ പരമായി ഇടപെടുന്നതിനോ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനോ പ്രസിഡണ്ട് അമ്പിക മംഗലത്ത് തയ്യാറായില്ലെന്ന് എല്‍ ഡി എഫ് ആരോപിച്ചു. മുസ്ലിം ലീഗിലെ ഗ്രാമപഞ്ചായത്ത് അംഗം മുത്തു അബ്ദുസലാമിന്റെ വ്യക്തികത അക്കൗണ്ടിലേക്ക് ദുരിതാശ്വാസത്തിനായി ഫേസ് ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് ധനസമാഹരണം നടത്തിയത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റേതുള്‍പ്പെടെയുള്ള അഞ്ച് ഫോണ്‍ നമ്പറുകള്‍ നല്‍കിയാണ്. വന്‍തോതിലാണ് ഇതുവഴി ധന സമാഹരണം നടത്തിയത്. പുതുപ്പാടിയില്‍ ആരംഭിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ആവശ്യമായ എല്ലാ സാധനങ്ങളും വലിയ തോതില്‍ സംഭാവനയായി ലഭിക്കുകയും ബാക്കി വന്ന സാധനങ്ങള്‍ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം വയനാട്ടിലേക്ക് കയറ്റി അയക്കുകയുമാണ് ചെയ്ത്. എന്നാല്‍ പ്രസിഡണ്ടിന്റെ നേരിട്ടുള്ള ചുമതലയില്‍ നടന്ന മൈലള്ളാംപാറ ക്യാമ്പിലേക്ക് ഇത്തരം സാധനങ്ങള്‍ വിലക്ക് വാങ്ങി എന്ന് കാണിച്ച് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള ക്യാമ്പ് നടത്തിപ്പുകാര്‍ ഒന്നര ലക്ഷം രൂപയുടെ ബില്ലാണ് വില്ലേജാഫീസര്‍ മുഖേന തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചതെന്ന് എല്‍ ഡി എഫ് ആരോപിച്ചു. പ്രസിഡണ്ടിന്റെ പക്ഷപാത പരമായ നിലപാടുകളിലും വികസന വിരുദ്ധ സമീപനങ്ങളിലും പ്രതിഷേധിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ തുടര്‍ന്നാണ് നേരത്തെ രാജി വെക്കേണ്ടി വന്നത്. തുടര്‍ന്ന് മുസ്ലിം ലീഗിലെ കെ കെ നന്ദകുമാര്‍ പ്രസിഡന്റാവുകയും രണ്ട് വര്‍ഷത്തോളം സുഗമമായി ഭരണം മുന്നോട്ട് പോവുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പിടിവാശി മൂലമാണ് അഴിമതിക്കാരിയായ അമ്പിക മംഗലത്ത് വീണ്ടും പ്രസിഡണ്ടായി വന്നതെന്നും ഇതേ തുടര്‍ന്നാണ് എല്‍ ഡി എഫ് പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയതെന്നും നേതാക്കള്‍ പറഞ്ഞു. പഞ്ചായത്തോഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി എം പൗലോസ് അധ്യക്ഷത വഹിച്ചു. കെ സി വേലായുധന്‍, ടി എ മൊയ്തീന്‍, ടി കെ അബ്ദുല്‍ നാസര്‍, ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എം ഇ ജലീല്‍, വിജയന്‍ പുതുശ്ശേരി, കുട്ടിയമ്മമാണി, മുജീബ് മാക്കണ്ടി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies