18-Nov-2018 (Sun)
 
 
 
 
‍ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും
   
vps
17-Oct-2018
 

കോഴിക്കോട്: അവകാശാധിഷ്ഠിത ബാലസൗഹൃദ കേരളം എന്ന ലക്ഷ്യം സാധ്യമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ബാലാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ടി സുരേഷ് അറിയിച്ചു. ഡി പി സി ഹാളില്‍ ചേര്‍ന്ന ജില്ലയിലെ ബാലാവകാശ സംരക്ഷണ സമിതികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവര്‍ ജീവിക്കുന്ന ഇടങ്ങളിലേക്ക് എത്തുന്നതിനും കുട്ടിയോടൊപ്പം നിന്ന് പ്രശ്‌നം പരിഹരിക്കുന്നതിനുമായി ജില്ല, മുനിസിപ്പല്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്കായി പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശീലന പരിപാടിയുടെ ഭാഗമായി കേരളത്തിലുടനീളം 40 ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ബാലാവകാശ സംരക്ഷണ സമിതി ശാക്തീകരണ ശില്‍പ്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 27ന് തിരുവന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എല്‍ എസ് ജി ഐ ഓബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ കെ ദിനേശന്‍ എന്നിവര്‍ സംബന്ധിക്കും. കൂടാതെ അഞ്ച് ദിവസത്തെ ലീഗല്‍ വര്‍ക്ക്‌ഷോപ്പ്, കുട്ടികള്‍ക്ക് പാര്‍ലിമെന്ററി അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍, കോളെജ് തലത്തില്‍ ക്വിസ് മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. ജില്ലയിലെ ഹോട്ടലുകളിലെ ബാലവേല സംബന്ധിച്ച് ഒന്‍പത് പരാതികളും മതപഠനത്തിനായി കുട്ടികളെ കടത്തിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഒരു പരാതിയും കമ്മിഷന് ലഭിച്ചിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ മെമ്പര്‍ അഡ്വ. ശ്രീല മേനോന്‍ പറഞ്ഞു. രക്ഷകര്‍ത്താക്കളുടെ പെരുമാറ്റ രീതിയില്‍ വലിയ മാറ്റം ഉണ്ടാകണമെന്നും കുട്ടികള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കണമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റെബല്ലോ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പാറോപ്പടി നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം അന്തേവാസികളെ കമ്മീഷന്‍ നേരില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies