18-Nov-2018 (Sun)
 
 
 
 
‍ലിംഗസമത്വം അവകാശം: ജെന്‍ഡര്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചു
   
vps
30-Oct-2018
 

കോഴിക്കോട്: ജെന്‍ഡര്‍ സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനുമായി(കില) സഹകരിച്ച് നടപ്പാക്കുന്ന മാതൃക പദ്ധതിയായ സമതയുടെ ഭാഗമായി ലിംഗസമത്വം അവകാശം എന്ന സന്ദേശം ഉയര്‍ത്തി ജെന്‍ഡര്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഇ എം എസ് ഹാളില്‍ നടന്ന ചടങ്ങ് തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന പദ്ധതികള്‍ക്കായി 50 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ആധുനിക വ്യവസായ മേഖലയിലെ സ്ത്രീ പങ്കാളിത്വം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നതായി മന്ത്രി പറഞ്ഞു. ഐ ടി മേഖലയില്‍ ഉള്‍പ്പെടെ വനിതാ സംരംഭകര്‍ക്ക് മാത്രമായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഏറ്റവുമധികം സ്ത്രീകള്‍ തൊഴിലെടുക്കുന്ന പരമ്പരാഗത വ്യവസായ മേഖലയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മെച്ചപ്പെട്ട തൊഴില്‍ സാധ്യത ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിവരുന്നുണ്ട്.

 

ജെന്‍ഡര്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റര്‍ (നിയമ സുരക്ഷ, തൊഴില്‍ പരിശീലനങ്ങള്‍, വ്യക്തിത്വ വികസന പരിപാടികള്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഏകോപനം, സാമ്പത്തിക ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം എന്നിവയാണ് ചുമതല), ജെന്‍ഡര്‍ റെസ്‌പോണ്‍സിബിള്‍ ബ്ലോക്ക് പഞ്ചായത്ത്, സ്ത്രീപദവിയും നയരേഖയും ജനങ്ങളിലെത്തിക്കുന്നതിന് സംഘടിതമായ പ്രചരണ സംവിധാനം, ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താനും മോണിറ്റര്‍ ചെയ്യാനും സംവിധാനം, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, ആരോഗ്യവിദ്യഭ്യാസ കേന്ദ്രങ്ങള്‍ എന്നിവ ജെന്‍ഡര്‍ റെസ്‌പോണ്‍സിബിള്‍ ആക്കുക, കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്ററെ നിയമിച്ച് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, പൊതു ഇടങ്ങളെ ലിംഗസമത്വ ഉത്തരവാദിത്ത ഇടങ്ങളാക്കുക തുടങ്ങിയവയാണ് ജെന്‍ഡര്‍ പാര്‍ലമെന്റ് എന്നതിലൂടെ നടപ്പാക്കുന്നത്. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് കുമാര്‍ നയരേഖ അവതരിപ്പിച്ചു. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഭരണഘടനയും ലിംഗനീതിയും എന്ന വിഷയത്തില്‍ അഡ്വ. പി എം ആതിര, സ്ത്രീ ശാക്തീകരണവും അനുഭവങ്ങളും എന്ന വിഷയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി സി കവിത, ലിംഗ സൗഹൃദ പൊതു ഇടങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. കെ പി എന്‍ അമൃത, സാമ്പത്തിക സുസ്ഥിരതവും സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തില്‍ കില ഫാക്കല്‍റ്റി വി മോയി എന്നിവര്‍ സംസാരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലാത്തൊടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ഹസീന, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി റംല എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാരി സ്വാഗതവും ശിശു വികസന സമിതി ഓഫീസര്‍ രശ്മി രാമന്‍ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies