18-Nov-2018 (Sun)
 
 
 
 
‍ താമരശ്ശേരിയില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന കുട്ടികളുടെ സ്വര്‍ണാഭരണം കവര്‍ന്നു
   
vps
31-Oct-2018
 

താമരശ്ശേരി: വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന കുട്ടികളുടെ സ്വര്‍ണാഭരണം കവര്‍ന്നു. തച്ചംപൊയില്‍ വാടിക്കല്‍ ഹസ്സന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയില്‍ വിരുന്നെത്തിയ ഹസ്സന്റെ മകളുടെ രണ്ട് പെണ്‍കുട്ടികളുടെ ദേഹത്തുണ്ടായിരുന്ന മൂന്ന് പവനോളം വരുന്ന ആഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. ഇവര്‍ കിടന്നുറങ്ങിയ ഓഫീസ് മുറിയുടെ ജനലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഓഫീസ് മുറിയുടെ ജനലിന്റെ മുകള്‍ ഭാഗത്തെ വിടവിലൂടെ കയ്യിട്ട് ജനലിന്റെ കൊളുത്ത് അഴിച്ചെടുത്ത മോഷ്ടാവ് ജനലിന്റെ അഴി ഇല്ലാത്ത ഭാഗത്തുകൂടെ അകത്ത് കടക്കുകയുമായിരുന്നു. മരത്തിന്റെ അഴികള്‍ ഇളകിപോയതാണ് മോഷ്ടാവിന്റെ ജോലി എളുപ്പമാക്കിയത്. പുലര്‍ച്ചെ മൂന്നുമണിയോടെ എഴുനേറ്റ ഹസ്സന്‍ മുന്‍വനാതില്‍ തുറന്നിട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഏഴ് വയസ്സുകാരിയുടെ പാദസരം, കഴുത്തിലെയും അരയിലെയും ചെയിന്‍ എന്നിവയും 11 വയസ്സുകാരിയുടെ ബ്രേസ്‌ലെറ്റ്, ചെയിന്‍ എന്നിവയും മോഷ്ടാവ് കൈക്കലാക്കി.

 

ജനലിലൂടെ വീട്ടിനുള്ളിലെത്തിയ മോഷ്ടാവ് 2.11 ന് വീടിന്റെ മുന്‍വാതില്‍ അകത്ത് നിന്നും തുറന്ന് പുറത്തേക്കിറങ്ങുന്നതും വീണ്ടും അകത്ത് കയറി 2.15 ന് തിരിച്ചിറങ്ങുന്നതും സമീപത്തെ വീട്ടിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നാല് മിനിറ്റിനകം ആഭരണങ്ങള്‍ കൈക്കലാക്കി മോഷ്ടാവ് സ്ഥലം വിട്ടു. മുന്‍ഭാഗത്ത് സി സി ടി വി ഉള്ളത് മനസ്സിലാക്കിയതിനാല്‍ വീടിന് പിന്‍ഭാഗത്തുകൂടി എത്തി അതിലെ തന്നെ തിരിച്ചു പോവുകയും ചെയ്തുവെന്നാണ് സംശയം. താമരശ്ശേരി പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies