18-Nov-2018 (Sun)
 
 
 
 
‍നിര്‍ധന കുടുംബത്തിന് ഇതര സംസ്ഥാന തൊഴിലാളികളുടെ കൈതാങ്ങ്
   
vps
03-Nov-2018
 

പുതുപ്പാടി: നിര്‍ധന കുടുംബത്തിന് വീടൊരുക്കാനുള്ള കൂട്ടായ്മക്ക് കൈതാങ്ങുമായി ഇതര സംസ്ഥാന തൊഴിലാളികള്‍. വെസ്റ്റ് കൈതപ്പൊയിലിലെ വാട്‌സാപ്പ് കൂട്ടായ്മ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തേപ്പിന്റെ പ്രവൃത്തി ഏറ്റെടുത്താണ് ഇതര സംസ്ഥാന തൊഴിലാളികള്‍ സഹജീവി സ്‌നേഹത്തിന്റെ മാതൃക കാണിച്ചത്. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിലെ ഒരു കൈ വാട്‌സാപ്പ് കൂട്ടായ്മയാണ് മണവയല്‍ പുത്തലത്ത് ബദറുദ്ദീനും കുടുംബത്തിനും വീട് നിര്‍മിച്ചു നല്‍കാന്‍ രംഗത്തിറങ്ങിയത്. മാതാവും ഭാര്യും മൂന്ന് മക്കളും അടങ്ങിയ കുടുംബം ആകെയുള്ള നാല് സെന്റ് ഭൂമിയില്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുന്നത് ഒരു കൈ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായതോടെ പ്രവാസികള്‍ കയ്യഴിച്ച് സഹായിച്ചു.

 

വീടിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായപ്പോഴാണ് പുതുപ്പാടിയില്‍ താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ സഹായത്തിനെത്തിയത്. വെസ്റ്റ് കൈതപ്പൊയിലിലെ വ്യാപാരിയും പൊതു പ്രവര്‍ത്തകനുമായ സുബൈര്‍ തന്റെ കടയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളോട് സഹായം ആവശ്യപ്പെടുകയും വീടിന്റെ തേപ്പ് അവര്‍ ഏറ്റെടുക്കുകയുമായിരുന്നു. ഇരുപതോളം തൊഴിലാളികള്‍ എത്തി രണ്ട് ദിവസം കൊണ്ട് തേപ്പ് പൂര്‍ത്തിയാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ മനുഷ്യരായി പോലും കാണാന്‍ തയ്യാറല്ലാത്തവര്‍ വര്‍ധിച്ചുവരുന്ന സമയത്താണ് പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ സഹജീവി സ്‌നേഹത്തിന്റെ മാതൃക കാണിച്ചത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies