18-Nov-2018 (Sun)
 
 
 
 
‍ക്യാമറയുമായി റോഡിലിറങ്ങി എട്ടിന്റെ പണി കൊടുക്കുന്ന എം വി ഐ പടിയിറങ്ങി
   
vps
03-Nov-2018
 

കൊടുവള്ളി: ഗതാഗത നിയമം പാലിക്കാത്തവരെ പിടികൂടാന്‍ ക്യാമറയുമായി റോഡിലിറങ്ങി എട്ടിന്റെ പണി കൊടുക്കുന്ന കൊടുവള്ളി ജോയിന്റ് ആര്‍ ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി വി ഫ്രാന്‍സിസ് സര്‍വീസില്‍ നിന്നും വിരമിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് നിയമ ലംഘനങ്ങള്‍ ക്യാമറയിലാക്കി ഫ്രീക്കന്‍മാരുടെ കണ്ണിലെ കരടായി മാറിയ വി വി ഫ്രാന്‍സിസ് 17 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പടിയിറങ്ങിയത്. വാഹനങ്ങളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുമ്പോള്‍ നിയമ ലംഘനങ്ങളും കൂടി വന്നു. ഒരു വാഹനം പിടികൂടി നിയമ നടപടി സ്വീകരിക്കുന്നതിനിടെ പത്തു വാഹനങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി കണ്‍മുന്നിലൂടെ കടന്നു പോവുന്നത് പതിവായതോടെയാണ് വി വി ഫ്രാന്‍സിസ് ക്യാമറയുമായി റോഡില്‍ ഇറങ്ങാന്‍ തുടങ്ങിയത്.

 

പ്രധാനമായും ബൈക്ക് യാത്രക്കാരാണ് ഫ്രാന്‍സിസിന്റെ കെണിയല്‍ പെടുന്നത്. ക്യാമറ കാണുമ്പോള്‍ ബൈക്ക് തിരിച്ചു വിടാനും നമ്പര്‍ പ്ലേറ്റ് മറക്കാനുമെല്ലാം ശ്രമിക്കുമെങ്കിലും എല്ലാം മൂന്നാം കണ്ണില്‍ പതിഞ്ഞിട്ടുണ്ടാവും. പിന്നീട് ഓഫീസിലെത്തി ഫോട്ടോകള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റും. ആര്‍ സി ഓണറുടെ വിലാസത്തില്‍ ഫോട്ടോ സഹിതം നോട്ടീസ് അയക്കുകയാണ് അടുത്ത ഘട്ടം. ചിലരെ ഫോണില്‍ വിളിച്ചു വരുത്തുകയും ചെയ്യും. വാഹനവുമായി ഓഫീസില്‍ ഹാജറായി പിഴയടച്ച് മടങ്ങുന്നവര്‍ പിന്നീട് നിയമങ്ങള്‍ പാലിക്കേണ്ടതാണെന്ന് ചിന്തിച്ചു തുടങ്ങും. 17 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് പടിയിറങ്ങിയെങ്കിലും റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഫ്രാന്‍സിസിന്റെ തീരുമാനം. അധികാരം കയ്യിലില്ലെങ്കിലും റോഡില്‍ പൊലിയുന്ന ജീവനുകള്‍ വിപ്പെട്ടതാണെന്ന സന്ദേശം പകര്‍ന്നു നല്‍കാന്‍ കഴിയുമെന്നാണ് ഫ്രാന്‍സിസ് കരുതുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies