18-Nov-2018 (Sun)
 
 
 
 
‍പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാള്‍ പിടിയില്‍
   
vps
06-Nov-2018
 

താമരശ്ശേരി: പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പൂനൂര്‍ തേക്കും തോട്ടം ഷമീര്‍(37) ആണ് അറസ്റ്റിലായത്. ഉണ്ണികുളം മങ്ങാട് സ്വദേശി ജാബിറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ജാബിറിന്റെ സഹപാഠിയാണ് ഓട്ടോ ഡ്രൈവറായ ഷമീര്‍. ഓട്ടോറിക്ഷ പഠിപ്പിക്കാനായി ഷമീറിനൊപ്പം പോവാറുണ്ടായിരുന്ന ജാബിറിനെ കഴിഞ്ഞ മാസം 26 ന് കോഴിക്കോട്ടേക്ക് കൂട്ടികൊണ്ടുപോയിരുന്നു. കൊടുവള്ളിയില്‍ എത്തിയപ്പോള്‍ ഷമീറിന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയും പതിനെട്ടുകാരിയായ മകളും ഓട്ടോറിക്ഷയില്‍ കയറുകയും ബീച്ചില്‍പോയി തിരിച്ചു പോരുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഷമീര്‍ ജാബിറിനെ വിളിച്ച് 200 രൂപ കടം വാങ്ങി. ഉച്ചയോടെ വിളിച്ച് വീണ്ടും പണം ആവശ്യപ്പെട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാനാണെന്ന പേരിലായിരുന്നു പണം ചോദിച്ചത്. പിറ്റേ ദിവസം ഷമീറിന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രണ്ടായിരം രൂപയും ഷമീര്‍ നാലായിരം രൂപയും കടം ചോദിച്ചു. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പിറ്റേദിവസം ഷമീര്‍ സ്ത്രീയെയും രണ്ട് മക്കളെയും കൂട്ടി ജാബിറിന്റെ ഭാര്യാ വീട്ടിലെത്തി പീഡിപ്പിച്ചതായി പറഞ്ഞു. പിറ്റേ ദിവസം വീണ്ടും ഷമീര്‍ ജാബിറിനെ വിളിച്ചുവരുത്തി പോലീസില്‍ പരാതി നല്‍കിയതായി ഭീഷണിപ്പെടുത്തി 5000 രൂപ കൈക്കലാക്കി. പിറ്റേദിവസം രാവിലെ എസ് ഐ ആണെന്നും പറഞ്ഞ് വിളിച്ച് വിവരങ്ങള്‍ ചോദിക്കുകയും ഉടന്‍ തന്നെ ഷമീര്‍ വിളിച്ച് സി ഐ ക്ക് നല്‍കാനെന്നും പറഞ്ഞ് 5000 രൂപ വാങ്ങിയെടുക്കുകയും ചെയ്തു. ഇതോടെയാണ് ജാബിര്‍ പോലീസില്‍ പരാതി നല്‍കിയത്. കട്ടിപ്പാറ സ്വദേശിയുടെ ഭാര്യയായ സ്ത്രീയെയും രണ്ട് മക്കളെയും കൂടെ താമസിപ്പിച്ചാണ് ഷമീര്‍ കെണിയൊരുക്കുന്നത്. നിരവധി പേരെ ഷമീര്‍ ഇത്തരത്തില്‍ കെണിയില്‍ പെടുത്തിയതായി പോലീസ് പറഞ്ഞു. പരാതിപ്പെടുമെങ്കിലും മാനഹാനി ഭയന്ന് ആരും കേസുമായി മുന്നോട്ടു പോവാത്തതാണ് ഇയാള്‍ക്ക് തുണയായത്. മാന്യമായി ജീവിക്കുന്നവരെയാണ് ഷമീര്‍ കെണിയില്‍ പെടുത്തിയിരുന്നത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies