19-Mar-2019 (Tue)
 
 
 
 
‍ഭിന്നശേഷിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തി പുതുപ്പാടിയില്‍ ബഡ്‌സ് സ്‌കൂള്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍
   
vps
07-Nov-2018
 

പുതുപ്പാടി: റോഡുകളും തോടുകളും കൃഷിയും അഭിവൃദിപ്പെടുത്തല്‍ മാത്രമല്ല വികസനമെന്നും സാമൂഹ്യമായി നമ്മള്‍ പരിഗണിക്കേണ്ട മുഴുവന്‍ വിഭാഗങ്ങള്‍ക്കും പൊതുവായ സമത ഉണ്ടാക്കി കൊടുക്കുക എന്നത് വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി കുടുംബശ്രീയുടെ സഹകരണത്തോടെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് കൈതപ്പൊയില്‍ വള്ള്യാട് നിര്‍മ്മിച്ച ബഡ്‌സ് സ്‌കൂള്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട സേവനങ്ങളാണ് നല്‍കുന്നത്. പക്ഷേ പല കുടുംബങ്ങള്‍ക്കും താങ്ങാന്‍ കഴിയാത്ത ചെലവാണ് ഇത്തരം ആളുകളെ കൊണ്ട് ഉണ്ടാവുന്നത്. ഇവര്‍ സമൂഹത്തിനും മാതാപിതാക്കള്‍ക്കും ഭാരമായി കഴിയേണ്ടവരല്ല. നമ്മെ പോലെ സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്ന ശേഷി പരിമിതമായ തോതില്‍ എങ്കിലും ഇവര്‍ക്ക് ഉണ്ടാക്കി കൊടുക്കാന്‍ നമുക്ക് കഴിയും. ഇതിനുള്ള പദ്ധതിയാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിരിക്കുന്നത്. ഭവന പദ്ധതി വരുന്നതോടെ പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ കഴിയുന്ന നിര്‍മാണ സംവിധാനം വേണം. കുടുംബശ്രീയെയും തൊഴിലുറപ്പ് പദ്ധതിയെയും ബന്ധിപ്പിച്ചുകൊണ്ട് പ്ലംബിങ്ങ്, വയറിംങ്ങ് ഉള്‍പ്പെടെയുള്ള തൊഴിലുകള്‍ ചെയ്യാന്‍ ശേഷിയുള്ളവരാക്കി പരിശീലിപ്പിച്ചു വരികയാണ്. ഇത്തരം സംരംങ്ങളില്‍ കുടുംബശ്രീക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ഐ ടി മേഖലയില്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ ഗ്രാമീണ മേഖലയിലെ കുടുംബിനികളെ പ്രാപ്തരാക്കുകയും പഞ്ചായത്തില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന രീതിയില്‍ കുടുംബശ്രീയെ പരിവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 

പ്രളയത്തിന്റെ സാഹചര്യത്തില്‍ 150 ദിവസത്തെ തൊഴില്‍ ബഡ്ജറ്റ് ഉണ്ടാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കൃഷിഭൂമി ഒരുക്കുന്നത് ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ ഇടപെടുന്നതിനും ഉപജീവനത്തിനുള്ള ഉപാധികള്‍ പുനസ്ഥാപിക്കുന്നതിനും ഇതിലൂടെ കഴിയും. സാലറി ചാലഞ്ചിനോട് നാട് നല്ല രീതിയില്‍ പ്രതികരിക്കുമ്പോള്‍ നാടിനെ സഹായിക്കേണ്ട പല വിഭാഗങ്ങളും ആ രീതിയില്‍ ആവുന്നില്ല. കേന്ദ്ര സര്‍ക്കാറില്‍ നിന്നും തുഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. വിദേശ രാജ്യങ്ങള്‍ സഹായിക്കാന്‍ തയ്യാറാണ്. എന്നാല്‍ രാജ്യത്തിന്റെ നയം ചൂണ്ടിക്കാണിച്ചുകൊണ്ട് വിദേശ സഹായം തടഞ്ഞു. എന്നാല്‍ മുന്‍കാലത്ത് ഇത്തരം സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അഭിമാന ബോധമുള്ള ജനത കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ അതിജീവനത്തിന്റെ പാതയില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്നും അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും മന്ത്രി പറഞ്ഞു. ഏഷ്യന്‍ പാരാലിമ്പിക്‌സ് ഗെയിംസില്‍ കാഴ്ചയില്ലാത്തവരുടെ ചെസ് മത്സരത്തില്‍ വെള്ളി നേടിയ കാവുംപുറം സ്വദേശി മുഹമ്മദ് സാലിഹിനുള്ള പഞ്ചായത്തിന്റെ ഉപഹാരം മന്ത്രി സമ്മാനിച്ചു. ജോര്‍ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീയുടെ വിവിധ ഫണ്ടുകളുടെ വിതരണം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി സി കവിത നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ സുരേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ാരായ എം ഇ ജലീല്‍, ഐ ബി റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒതയോത്ത് അഷ്‌റഫ്, പഞ്ചായത്ത് അംഗം ഫാത്തിമ ബീവി, കെ സി വേലായുധന്‍, ബിജു താന്നിക്കാകുഴി, ടി എം പൗലോസ്, വി കെ ഹുസൈന്‍കുട്ടി, അനന്തനാരായണന്‍, ജോര്‍ജ് മങ്ങാട്ടില്‍, ടി കെ നാസര്‍, ഗഫൂര്‍ അമ്പുഡു, സിദ്ധിഖ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി പി രാജന്‍ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies