18-Nov-2018 (Sun)
 
 
 
 
‍പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം: ശില്‍പശാല സംഘടിപ്പിച്ചു
   
vps
08-Nov-2018
 

കോഴിക്കോട്: മഹാപ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 500ല്‍ അധികം വീടുകളാണ് പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. പ്രളയാനന്തര ഭവന നിര്‍മ്മാണ ധനസഹായത്തിന് അനര്‍ഹര്‍ക്ക് സേവനം ലഭ്യമാക്കില്ലെന്നും ജില്ലാ കലക്ടര്‍ യു വി ജോസ് അറുയിച്ചു. സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്ത അര്‍ഹരുടെ വിവരങ്ങള്‍ പരിശോധിച്ച് പരിഗണിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ദുരന്തത്തിന്റെ ഭാഗമായി പൂര്‍ണ്ണമായി തകര്‍ന്നതായി കണ്ടെത്തിയ വീടുകള്‍ പുതുക്കി പണിയുന്നതിനായി വിവിധ ഭവനനിര്‍മ്മാണ രീതികള്‍ ശില്‍പ്പശാലയില്‍ പരിചയപ്പെുടുത്തി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റവന്യൂവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് തകര്‍ന്ന വീടുകളുടെ സാധ്യത ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ച്ചര്‍, എന്‍ ഐ ടി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി, റീജിനല്‍ ടൗണ്‍ പ്ലാനിംഗ് എന്നിവര്‍ ചേര്‍ന്ന് സുരക്ഷിതവും ദുരന്തപ്രതിരോധ ശേഷിയുമുള്ള ഭവനനിര്‍മ്മാണ രീതികള്‍ പരിചയപ്പെടുത്തി. ശാസ്ത്രീയവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ നിര്‍മാണ നിര്‍മാണ രീതിയാണ് പരിചയപ്പെടുത്തിയത്.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി കലക്ടര്‍ എന്‍ റംല, ജില്ലാ ടൗണ്‍ പ്ലാനര്‍ അബ്ദുള്‍ മാലിക്, ഡോ. ഷിന്റോ പോള്‍ എന്‍ ഐ ടി സിവില്‍ എഞ്ചിനീയറിംഗ് എച്ച് ഒ ഡി. ജെ സുധാ കുമാര്‍, റീ ബില്‍ഡ് കേരള സ്റ്റേറ്റ് അംഗം റെസി ജോര്‍ജ്ജ്, ഐ ഐ എ പ്രതിനിധി പ്രശാന്ത്, റെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് വിജയകുമാര്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദുരന്തമേഖലയില്‍ വിശദ പഠനം നടത്തി തയ്യാറാക്കിയ ഭൂപടങ്ങളുടെയും ബദല്‍ നിര്‍മാണ രീതികളുടെയും പ്രദര്‍ശനവും ശില്‍പ്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു. അഞ്ഞൂറോളം ആളുകളാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies