18-Nov-2018 (Sun)
 
 
 
 
‍പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി കട്ടിപ്പാറയില്‍ കൈത്തിരി പദ്ധതിക്ക് തുടക്കം
   
vps
09-Nov-2018
 

കട്ടിപ്പാറ: ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൗമാരക്കാര്‍ക്കുമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കൈത്തിരി പദ്ധതിക്ക് തുടക്കമായി. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ആരോഗ്യ വിദ്യാഭ്യാസ സംരക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കട്ടിപ്പാറ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. ഭാരതീയി ചികിത്സാ വകുപ്പിന്റെയും ദേശീയ ആയുഷ് മിഷന്റെയും സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കായി മാസത്തില്‍ രണ്ട് തവണ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തും. കൂടാതെ ഇവര്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗും മറ്റു സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. സമീപത്തെ പഞ്ചായത്തിലുള്ളവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ-കായികവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.

 

ഭിന്നശേഷിക്കാരെ മുഖ്യ ധാരയിലേക്ക് എത്തിക്കുക എന്നത് ജീവിത ദൗത്യമായി ഏറ്റെടുക്കണമെന്നും ഇത്തരക്കാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഏറ്റവും നല്ല മാനുഷിക പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആയുര്‍വ്വേദ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ കട്ടിപ്പാറ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ദേശീയ ആയുഷ് മിഷന്‍ ഡി പി എം ഡോ. ജി എസ് സുഗേഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ബേബി ബാബു, മദാരി ജുബൈരിയ, പി സി തോമസ്, വാര്‍ഡ് മെമ്പര്‍ കെ ടി രിഫായത്ത്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ ആര്‍ രാജന്‍, ടി സി വാസു, സി പി നിസാര്‍, കെ വി സെബാസ്റ്റ്യന്‍, എം സുലൈമാന്‍, സി കെ എ ഷമീര്‍ബാവ, കരീം പുതുപ്പാടി, കുടുംബശ്രീ ചെയര്‍ചേഴ്സണ്‍ കെ പി ഷൈനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം എ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ സ്വാഗതവും ഡോ. കെ പ്രവീണ്‍ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies