16-Dec-2018 (Sun)
 
 
 
 
‍മന്ത്രിയുടെ കാറും നടപ്പാതയിലെ സ്ലാബില്‍ കുടുങ്ങി
   
vps
10-Nov-2018
 

താമരശ്ശേരി: താമരശ്ശേരി ടൗണിലെ നടപ്പാതയില്‍ അപകടകരമായ രീതിയില്‍ സ്ഥാപിച്ച സ്ലാബില്‍ ഒടുവില്‍ മന്ത്രിയുടെ കാറും ഇടിച്ചു. താമരശ്ശേരി റസ്റ്റ് ഹൗസിന് സമീപം ദേശീയ പാതയോരത്തെ നടപ്പാതയില്‍ സ്ഥാപിച്ച സ്ലാബുകളിലാണ് മന്ത്രി ഇ പി ജയരാജന്റെ കാറും പൈലറ്റ് വാഹനവും ഇടിച്ചത്. താമരശ്ശേരി കാരാടി മുതല്‍ ആശുപത്രി പരിസരം വരെയും പോസ്റ്റ് ഓഫീസ് മുതല്‍ ചുങ്കം വരെയും നടപ്പാത നവീകരിച്ച് ടൈല്‍സ് പാകിയെങ്കിലും ടൗണിന്റെ ഹൃദയ ഭാഗത്തെ സ്ലാബുകളെല്ലാം തകര്‍ന്ന നിലയിലാണ്. തുടര്‍ന്ന് അധികൃതര്‍ തകര്‍ന്ന സ്ലാബുകള്‍ക്ക് മുകളില്‍ വേറെ സ്ലാബുകള്‍ നിരത്തി. ഇതോടെ അപകടത്തില്‍ പെടുന്നവരുടെ എണ്ണം കൂടി. തുടര്‍ന്ന് ഏതാനും പഴയ സ്ലാബുകള്‍ നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ചെങ്കിലും റസ്റ്റ് ഹൗസിന് സമീപം വ്യാപാര ഭവന്‍ റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച സ്ലാബുകള്‍ നീക്കം ചെയ്തില്ല.

 

ഈ റോഡിലേക്ക് തിരിയുന്ന വാഹനങ്ങള്‍ക്ക് സ്ലാബില്‍ ഇടിച്ച് കേടുപാടുകള്‍ സംഭവിക്കുന്നതും കാല്‍നട യാത്രക്കാര്‍ വീഴുന്നതും പതിവാണെങ്കിലും ദേശീയപാതാ അധികൃതര്‍ ഇതൊന്നും കണ്ട ഭാവം നടിച്ചില്ല. കഴിഞ്ഞ ദിവസം വ്യാപാര ഭവനില്‍ നടന്ന താമരശ്ശേരി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമ്മാന ദാനത്തിനെത്തിയ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനും അധികൃതരുടെ അനാസ്ഥക്ക് ഇരയായി. കൊടുവള്ളി ഭാഗത്തുനിന്നും എത്തിയ മന്ത്രിയുടെ പൈലറ്റ് വാഹനം ആദ്യം സ്ലാബില്‍ തട്ടിയെങ്കിലും കടന്നു പോയി. പിന്നാലെ മന്ത്രിയുടെ കാറ് സ്ലാബില്‍ തട്ടി കാറിന്റെ വലത് ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ ഡ്രൈവര്‍ കാറ് പിന്നോട്ടെടുത്ത് വീണ്ടും മുന്നോട്ടെടുത്തെങ്കിലും ഇടത് ഭാഗം റോഡരികിലെ ടെലഫോണ്‍ പോസ്റ്റിലും തട്ടി. അവസാനം മന്ത്രി കാറില്‍ നിന്നും ഇറങ്ങി കാല്‍നടയായാണ് വ്യാപാര ഭവനില്‍ എത്തിയത്. കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ വ്യാപാരിയുടെ കാറ് സ്ലാബില്‍ ഇടിച്ചതിനെ തുടര്‍ന്ന് അന്‍പതിനായിരം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. പലപ്പോഴായി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവഗണിച്ചതാണ് ഇപ്പോള്‍ മന്ത്രിയുടെ വാഹനം അപകടത്തില്‍ പെട്ട് സര്‍ക്കാര്‍ വാഹനത്തിനും കേടുപാടുകള്‍ സംഭവിക്കാന്‍ കാരണം. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തകര്‍ന്ന സ്ലാബുകള്‍ മാറ്റി സ്ഥാപിക്കണമെന്നും അശാസ്ത്രീയമായി സ്ഥാപിച്ച സ്ലാബുകള്‍ നീക്കം ചെയ്യണമെന്നുമാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies