13-Dec-2018 (Thu)
 
 
 
 
‍ഹര്‍ത്താലിന്റെ മറവില്‍ യാത്രക്കാരെ പെരുവഴിയിലാക്കി വാഹനം തടയല്‍; അയ്യപ്പ ഭക്തരും റോഡില്‍ കുടുങ്ങി
   
vps
18-Nov-2018
 

കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി വാഹനം തടഞ്ഞതിനാല്‍ യാത്രക്കാര്‍ പെരുവഴിയിലായി. ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതെ റോഡിലിറങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വാഹനങ്ങളും ലോറികളുമാണ് പ്രധാനമായും തടഞ്ഞിട്ടത്. ഉള്‍ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും പ്രധാന ടൗണികളില്‍ കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.

 

സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം നിരത്തിലിറങ്ങിയെങ്കിലും വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഹര്‍ത്താലിന്റെ ഇരകളായത്. ദേശീയ പാതയില്‍ താമരശ്ശേരി ടൗണ്‍, ചുങ്കം, കാരാടി, വട്ടക്കുണ്ട് എന്നിവിടങ്ങളിലും സംസ്ഥാന പാതയില്‍ മുക്കത്തും രാവിലെ മുതല്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട വൃദ്ധര്‍ ഉള്‍പ്പെടെ വാഹനം ലഭിക്കാതെ റോഡില്‍ കുടുങ്ങി. ഹോട്ടലുകളില്‍ പുലര്‍ച്ചെ ഭക്ഷണം തയ്യാറാക്കിയിരുന്നതിനാല്‍ ഭീമമായ നഷ്ടമാണ് സംഭവിച്ചത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ സാനിയോ മനോമി, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ മകനും സാനിയോയുടെ ഭര്‍ത്താവുമായ ജൂലിയസ് നികിതാസ് എന്നിവരെ കക്കട്ട് അമ്പലക്കുളങ്ങരയില്‍ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ധിച്ചു. താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം ബസ്സുകള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ നീക്കം ചെയ്യാനെത്തിയ പോലീസിനു നേരെയും അതിക്രമമുണ്ടായി. എസ് ഐ യുടെ ജോലി തടസ്സപ്പെടുത്തിയതിനും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും ബി ജെ പി, ആര്‍ എസ് എസ് നേതാക്കള്‍ ഉള്‍പ്പെടെ 25 ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ദേശീയ പാതയില്‍ വട്ടക്കുണ്ട് പാലത്തിന് സമീപം റോഡ് ഉപരോധിച്ച നൂറോളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies