എം ഐ ഷാനവാസ് എം പി അന്തരിച്ചു; മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് എറണാകുളത്ത്
മുക്കം: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എം പി യുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 31 നാണ് എം ഐ ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവമ്പര്‍ 2 ന് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയെങ്കിലും അണുബാധയെത്തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. മൃതദേഹം വിമാന മാര്‍ഗ്ഗം നെടുമ്പാശ്ശേരിയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് എറണാകുളത്ത് നടക്കും
തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം വി ഇബ്രാഹിം കുട്ടിയുടേയും നൂര്ജഹാന് ബീഗത്തിന്റെയും മകനായി 1951 സെപ്റ്റമ്പര്‍ 22-ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. കെ എസ് യു വി ലൂടെ രാഷ്ട്രീയത്തിലെത്തി. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ യും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍ എല്‍ ബി യും നേടി. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. 2014-ല്‍ വീണ്ടും വയനാടിന്റെ എം പി യായി. അടുത്തിടെയാണ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ: ബൈരിയത്ത് ബീഗം. മക്കള്‍: അമിന, ഹബീബ്