മുക്കത്ത് ഹര്‍ത്താല്‍ ഭാഗികം; നേരിയ സംഘര്‍ഷം
മുക്കം: മുക്കം സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കാന്‍ സി പി എം ശ്രമിക്കുന്നുവെന്നും ഇതിന്ന് റിട്ടേണിംഗ് ഓഫീസര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ച് മുക്കം നഗരസഭയില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കടകമ്പോളങ്ങള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ടാക്സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തില്‍ ഓടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്ന ബേങ്കിന്റെ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. വര്‍ഷങ്ങളായി യു ഡി എഫ് ഭരിക്കുന്ന മുക്കം സര്‍വീസ് സഹകരണ ബേങ്കിന്റെ വോട്ടര്‍ ലിസ്റ്റില്‍ നിന്നും നിരവധി പേരെ നീക്കം ചെയ്തുവെന്നാരോപിച്ച് സി പി എം നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. യു ഡി എഫ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെ ഭരണം നഷ്ടപ്പെടുമെന്ന സാഹചര്യവും വന്നിരുന്നു. 19 പേര് ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിനെ സമീപച്ചെങ്കിലും അനുകൂല വിധി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഡിവിഷന് ബെഞ്ചിനെ സമീപിച്ചാണ് മത്സരിക്കാന്‍ അനുമതി നേടിയത്. കഴിഞ്ഞ 11 ന് സംഘര്‍ഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിക്കുകയും ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ബുധനാഴ്ച രാവിലെ ഭരണ സമിതി യോഗം വിളിച്ചെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ എത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കാനുണ്ടെന്ന പേരില്‍ ബേങ്ക് ഭരണം സി പി എമ്മിന്റെ കൈകളില്‍ എത്തിക്കാനാണ് റിട്ടേണിംഗ് ഓഫീസര്‍ ശ്രമിക്കുന്നതെന്നാണ് യു ഡി എഫിന്റെ ആരോപണം.