16-Dec-2018 (Sun)
 
 
 
 
‍ആദിവാസികള്‍ക്കായി മര്‍ക്കസ് ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ നിയമ സഹായ ക്യാമ്പ്
   
vps
24-Nov-2018
 

തിരുനെല്ലി: നിയമം സംബന്ധിച്ച അജ്ഞത കാരണം പൊതു സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി മര്‍ക്കസ് ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ നിയമ സഹായ ക്യാമ്പ്. കൈതപ്പൊയില്‍ മര്‍ക്കസ് നോളജ് സിറ്റി ലോകോള് ലീഗില്‍ എയ്ഡ് ക്ലിനിക്കിന്റെ ഭാഗമായി കര്‍ണാടക അതിര്‍ത്തിയായ തിരുനെല്ലി പഞ്ചായത്തിലെ ബാവലി പ്രദേശത്താണ് രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ അധികൃതരുടെ സാന്നിധ്യം പോലും അന്യമായ ബാവലി പ്രദേശത്ത് നടത്തിയ നിയമ സഹായ ക്യാമ്പ് പാര്‍ശ്വ വത്കരിക്കപ്പെട്ടവര്‍ക്ക് ഏറെ പ്രയോജനമായി. വിദ്യാര്‍ത്ഥികള്‍ വിവിധ ഗ്രൂപ്പുകളായി ആദിവാസി കോളനിയില്‍ ഉള്‍പ്പെടെ സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ചോദിച്ചറിയുകയും ചെയ്തു.

 

ബാവലി ജി യു പി സ്‌കൂളില്‍ നടന്ന ചടങ്ങ് വയനാട് ജില്ലാ സ്പെഷല്‍ ജഡ്ജ് പി സെയ്തലവി ഉദ്ഘാടനം ചെയ്തു. നിയമ സാക്ഷരതയുള്ള സമൂഹത്തെ സൃഷ്ടിക്കല്‍ രാജ്യത്തിന്റെ സാമൂഹിക പുരോഗതിക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ ജില്ലാ ജഡ്ജ് നിയമ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. മര്‍കസ് ലോ കോളജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഉപഭോക്തൃ ഫോറം മെമ്പര്‍ ചന്ദ്രന്‍ ആലഞ്ചേരി, തിരുനെല്ലി സബ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണി, ലോ കോളേജ് അസി. പ്രൊഫസര്‍ റഹൂഫ്, ആഷികാ മുംതാസ്, ഡിറ്റക്സ് ജോര്‍ജ്, മുഹമ്മദ് ദിഷാല്‍, റിസ്വാന തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies