16-Dec-2018 (Sun)
 
 
 
 
‍കുഷ്ഠ രോഗത്തെ തുരത്താന്‍ അശ്വമേധം
   
vps
24-Nov-2018
 

കോഴിക്കോട്: ജില്ലയില്‍ കുഷ്ഠ രോഗം തടയുന്നതിനുള്ള ഗൃഹസന്ദര്‍ശന പരിപാടിയായ അശ്വമേധത്തിന് ഡിസംബര്‍ 5 ന് തുടക്കമാകും. കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളിലാണ് ഡിസംബര്‍ 18 വരെ കുഷ്ഠരോഗ നിര്‍ണ്ണയം നടത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ 691 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ജില്ലയില്‍ 75 പേര്‍ ചികിത്സ നടത്തി വരുന്നു. കുട്ടികളിലും ഇതരസംസ്ഥാന തൊഴിലാളികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുട്ടികളില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിയിലൂടെ കൃത്യമായി മള്‍ട്ടി ഡ്രഗ് തെറാപ്പി ചികിത്സ വഴി രോഗം ഇല്ലാതാക്കാന്‍ സാധിക്കും. ഇതോടനുബന്ധിച്ച് സ്‌കൂളുകളില്‍ അശ്വമേധ കുഷ്ഠരോഗ നിര്‍ണ്ണയ പരിപാടി എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കും. പ്രധാനമായും വായുവിലൂടെ പകരുന്ന ബാക്ടീരിയ രോഗമാണ് കുഷ്ഠം. തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോഴാണ് രോഗാണു വ്യാപിക്കുന്നത്. തൊലിപ്പുറത്തു കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍ കട്ടികൂടിയ തിളക്കമുള്ള ചര്‍മ്മം, വേദനയില്ലാത്ത വൃണങ്ങള്‍ കൈകാലുകളില്‍ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടക്കാനുള്ള പ്രയാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ രോഗനിര്‍ണ്ണയ പരിപാടിയുടെ ഭാഗമായി വീട് സന്ദര്‍ശിക്കുന്ന സന്നദ്ധപ്രവര്‍ത്തകരോട് തുറന്നു പറയുക. സ്വകാര്യത സംരക്ഷിച്ചു കൊണ്ട് വിദഗ്ദ പരിശോധനയിലൂടെ രോഗം ഭേദമാക്കാവുന്നതാണ്. പരിപാടിയുടെ ഭാഗമായി വീടുകളിലെത്തുന്ന വളണ്ടിയര്‍മാരുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ജയശ്രീ അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies