16-Dec-2018 (Sun)
 
 
 
 
‍നരിക്കുനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇനി ഹൈ ടെക്; പുതിയ കെട്ടിടങ്ങളും ഉയരുന്നു
   
vps
24-Nov-2018
 

നരിക്കുനി: പൊതു വിദ്യാലയങ്ങളില്‍ പഠിച്ചാല്‍ ഡോക്ടറോ എഞ്ചിനീയറോ ആവാന്‍ കഴിയില്ലെന്ന ധാരണ തിരുത്താന്‍ സംസ്ഥാന ഗവണ്‍മെന്റിന് കഴിഞ്ഞതായി തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. നരിക്കുനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച ഹെ ടെക് ക്ലാസ് മുറികളുടെയും പുതിയ കെട്ടിട നിര്‍മാണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസുകള്‍ ഹൈ ടെക് ആകണമെന്നത് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമാണ്. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതോടെ പഠന നിലവാരും മെച്ചപ്പെടും. ശാസ്ത്ര സാങ്കേതികതകള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ മനസ്സ് സംസ്‌കാരം കൊണ്ട് സംസ്‌കരിക്കപ്പെട്ടില്ലെങ്കില്‍ ഈ സാങ്കേതിക വളര്‍ച്ച ഗുണകരമായിരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാതല സ്‌കൂള്‍ മേളകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ പി വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ശോഭന, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് പി അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പഞ്ചായത്ത് അംഗം വി ഷക്കീല ടീച്ചര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഐ ആമിന ടീച്ചര്‍, വസന്തകുമാരി, സി വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി പി ശോഭന, എന്‍ പി മുഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ മുരളി തുടങ്ങിയവര്‍ സംസാരിച്ചു. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച നിലവാരം പുലര്‍ത്തുന്ന നരിക്കുനി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറിന്റെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് 32 ക്ലാസ് മുറികള്‍ ഹൈ ടെക് ആക്കിയത്. കൂടാതെ കെട്ടിട നിര്‍മാണത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപയും സര്‍ക്കാര്‍ അനുവധിച്ചു. കാരാട്ട് റസാഖ് എം എല്‍ എ അനുവധിച്ച ഒരു കോടിയുടെ കെട്ടിട നിര്‍മാണവും പുരോഗമിക്കുകയാണ്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies