16-Dec-2018 (Sun)
 
 
 
 
‍വീട് നിര്‍മാണത്തിനായി വന്‍ തോതില്‍ മണ്ണിടിച്ചു; വൃദ്ധ ദമ്പതികളുടെ വീട്ടിലേക്കുള്ള വഴി അപകടാവസ്ഥയില്‍
   
vps
26-Nov-2018
 

കൂടത്തായി: വീട് നിര്‍മാണത്തിനായി വന്‍ തോതില്‍ മണ്ണിടിച്ചതിനാല്‍ വൃദ്ധ ദമ്പതികളുടെ വീട്ടിലേക്കുള്ള വഴി അപകടാവസ്ഥയിലായതായി പരാതി. കൂടത്തായി ചാമോറ കോഴിപ്പാടത്ത് തോമസും ഭാര്യ ചിന്നമ്മയുമാണ് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. വികലാംഗനും രോഗിയുമായ തോമസിന്റെ വീട്ടിലേക്ക് മുപ്പത്തി ഏഴ് വര്‍ഷമായി ഉപയോഗിച്ചിരുന്ന വഴി അയല്‍വാസി വീട് നിര്‍മിക്കാനായി വന്‍തോതില്‍ മണ്ണ് ഇടിച്ച് കടത്തിക്കൊണ്ടുപോയതോടെ അപകടാവസ്ഥയിലായതായി പരാതിയില്‍ പറയുന്നു. ചുമരിന്റെ അടി ഭാഗത്തുനിന്നും ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതിനാല്‍ വഴി ഏത് നിമിശവും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്.

 

മണ്ണ് നീക്കം ചെയ്തപ്പോള്‍ കോടഞ്ചേരി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ് ഐ സ്ഥലത്തെത്തുകയും വീട് നിര്‍മാണം ആരംഭിക്കുന്നതിന് മുന്നെ വഴി ഒരുക്കിക്കൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. ഇപ്പോള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും മറ്റുള്ളവരുടെ സഹായത്തോടെ അയല്‍വാസിയുടെ വീട്ടുമുറ്റത്തുകൂടെയാണ് തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതെന്നും തോമസ് പറയുന്നു. ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് കുന്നിടിച്ച് മണ്ണ് കടത്തിയതെന്നും മണ്ണെടുക്കാന്‍ കരാര്‍ നല്‍കിയവര്‍ കൂടുതല്‍ എടുത്തോ എന്ന് അറിയില്ലെന്നുമാണ് വീട്ടുടമയായ കണ്ണിനമാലില്‍ ജോബിന്‍ പറയുന്നത്. അപകടാവസ്ഥയിലായ വഴി പുനര്‍ നിര്‍മിച്ച് നല്‍കുമെന്നും ജോബിന്‍ പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies