16-Dec-2018 (Sun)
 
 
 
 
‍വിവാദങ്ങള്‍ക്കൊടുവില്‍ മുക്കം സര്‍വ്വീസ് സഹകരണ ബേങ്ക് ഭരണസമിതി അധികാരമേറ്റു
   
vps
29-Nov-2018
 

മുക്കം: വിവാദങ്ങള്‍ക്കൊടുവില്‍ മുക്കം സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റു. ഒരു മാസത്തോളം നീണ്ടു നിന്ന വിവാദങ്ങള്‍ക്കും കോടതി നടപടികള്‍ക്കുമൊടുവിലാണ് യു ഡി എഫ് നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരമേറ്റത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതലുള്ള വിവാദങ്ങളും സംഘര്‍ഷങ്ങളും മുന്‍ നിര്‍ത്തി വന്‍ പോലീസ് കാവലിലാണ് ചടങ്ങുകള്‍ നടന്നത്. റിട്ടേണിംഗ് ഓഫീസറായ കെ എം അഭിലാഷാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്. പ്രസിഡന്റായി കോണ്‍ഗ്രസിലെ ബാലനും വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ ഷറഫുദ്ധീനം തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ മുക്കത്ത് ആഹ്ലാദ പ്രകടനം നടത്തി. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും എം എല്‍ എ ക്കും എന്തെല്ലാം വൃത്തികേടുകളും അധികാര ദുര്‍വിനിയോഗവും നടത്താന്‍ സാധിക്കുമോ അതെല്ലാം നടത്തിയിട്ടും ഏശാതെ പോയ ചരിത്രം മുക്കം സര്‍വീസ് സഹകരണ ബേങ്കിന് മാത്രം അവകാശപ്പെട്ടതാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ് പറഞ്ഞു. സി കെ കാസിം, സി ജെ ആന്റണി, എം ടി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

വര്‍ഷങ്ങളായി യു ഡി എഫ് ഭരിക്കുന്ന മുക്കം സര്‍വീസ് സഹകരണ ബേങ്കിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ ആളിക്കത്തിയ വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് പുതിയ ഭരണ സമിതി അധികാരമേറ്റത്. വോട്ടര്‍മാരെ നീക്കം ചെയ്തുവെന്നാരോപിച്ച് സി പി എം നേതൃത്വത്തിലുള്ള സകഹകരണ ജനാധിപത്യ മുന്നണി രംഗത്തെത്തുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ യു ഡി എഫ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നാമനിര്‍ദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളിയതിനെ തുടര്‍ന്ന് ഹൈ കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുമായാണ് ഇവര്‍ മത്സരിച്ചത്. നവംബര്‍ 11 ന് നടന്ന തിരഞ്ഞെടുപ്പിനിടെ ഇരു വിഭാഗവും ഏറ്റുമുട്ടുകയും പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തിരുന്നു. ഫലം പ്രഖ്യാപിച്ചപ്പോള്‍ എല്ലാ സീറ്റുകളിലും യു ഡി എഫ് വിജയിച്ചെങ്കിലും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ ഹാജറായില്ല. പിറ്റേ ദിവസം മുക്കത്ത് ഹര്‍ത്താല്‍ നടത്തിയാണ് യു ഡി എഫ് ഇതിനെ നേരിട്ടത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies