പ്രളയബാധിതര്‍ക്കുള്ള കിറ്റുകള്‍ സൂക്ഷിച്ചത് വിവാദത്തില്‍
കാരശ്ശേരി: പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാനുള്ള കിറ്റുകള്‍ സാംസ്കാരിക നിലയങ്ങളില്‍ സൂക്ഷിച്ചത് വിവാദത്തില്‍. കാരശ്ശേരി, കറുത്തപറമ്പ് സാസംകാരിക നിലയങ്ങളിലാണ് ഇരുനൂറോളം കിറ്റുകള്‍ സൂക്ഷിച്ചതായി കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ അടങ്ങിയ ഇരുനൂറോളം കിറ്റുകളാണ് കെട്ടിക്കിടക്കുന്നത്. വിവരം അറിഞ്ഞ യു ഡി എഫ് പ്രവര്‍ത്തകര്‍ സംഘടിക്കുകയും വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. കറുത്ത പറമ്പിലെ സാംസ്കാരിക നിലയത്തില്‍ വാര്‍ഡ് മെമ്പറേയും മറ്റൊരാളെയും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടൈത്തിയതെന്നും ഇത് ഇഷ്ടക്കാര്‍ക്ക് മാത്രം വിതരണം ചെയ്യാനായി പൂഴ്ത്തിവെച്ചതാണെന്നുമാണ് യു ഡി എഫ് ആരോപിക്കുന്നത്.
സെക്രട്ടറി പോലും അറിയാതെയാണ് ഇവ പൂഴ്ത്തിവെച്ചതെന്നും രാത്രികാലങ്ങളില്‍ ഇവിടെനിന്നും വാഹനങ്ങളില്‍ കിറ്റുകള്‍ കടത്തിക്കൊണ്ടുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നതായും യു ഡി എഫ് ആരോപിക്കുന്നു. പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി കിറ്റുകള്‍ പരിശോധിച്ച് കെട്ടിടം പൂട്ടി സീല്‍ ചെയ്തു. മൂവായിരം കിറ്റുകളാണ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതെന്നും ഇരുനൂറ് കിറ്റുകള്‍ മാത്രമാണ് ലഭിച്ചതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ഇവ വിതരണം ചെയ്യാന്‍ കഴിയാത്തതിനാലാണ് സാംസ്കാരിക നിലയങ്ങളില്‍ സൂക്ഷിച്ചതെന്നും യു ഡി എഫിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് പറഞ്ഞു.