കഞ്ചാവ് കേസിലെ പ്രതി വീണ്ടും പോലീസിന്റെ പിടിയിലായി
മുക്കം: കഞ്ചാവ് കേസിലെ പ്രതി അരക്കിലോ കഞ്ചാവുമായി പോലീസിന്റെ പിടിയിലായി. മുക്കംവലിയപറമ്പ് പെരിലക്കാട് അബ്ദുറഹ്മാന് എന്ന അബ്ദു(55) ആണ് മുക്കം എസ് ഐ. കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. താമരശ്ശേരി ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം നടത്തിയ നീക്കത്തിലാണ് അബ്ദു പിടിയിലായത്. മുക്കം മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ഇയാള്‍ നേരത്തെ നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പലപ്പോഴും പോലീസിന്റെയും എക്സൈസിന്റെയും കണ്ണ് വെട്ടിച്ച് രക്ഷപ്പെടുന്ന അബ്ദു ഇടപാടുകാരന് കൈമാറാന്‍ കഞ്ചാവുമായി എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. അഞ്ഞൂറ് ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. താമരശ്ശേരി ഡി വൈ എസ് പി യുടെ ക്രൈം സ്ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കല്‍, സീനിയര്‍ സി പി ഒ സലീം മുട്ടത്ത്, സി പി ഒ മാരായ വി എസ് ശ്രീജേഷ്, ശ്രീകാന്ത് കെട്ടാങ്ങല്‍, ലിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.