16-Dec-2018 (Sun)
 
 
 
 
‍കള്ളനോട്ട് അച്ചടിക്കുന്ന മൂന്നംഗ സംഘം ബാലുശ്ശേരിയില്‍ അറസ്റ്റില്‍
   
vps
06-Dec-2018
 

ബാലുശ്ശേരി: വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടിക്കുന്ന സംഘത്തെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലെ മീത്തലെ മണഞ്ചേരി രാജേഷ് കുമാര്‍ (മുത്തു 45), എറണാകുളം വൈറ്റില തെങ്ങുമ്മല്‍ വില്‍ബര്‍ട്ട്(43), കോഴിക്കോട് നല്ലളം താനിലശ്ശേരി വൈശാഖ് (24) എന്നിവരാണ് പിടിയിലായത്. ബാലുശ്ശേരി കേന്ദ്രീകരിച്ച് വ്യാജ നോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

 

രാജേഷ് കുമാറിന്റെ വീട്ടിലാണ് നോട്ടടിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ സുഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട് വളയുകയായിരുന്നു. വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് നോട്ട് അടിച്ചിരുന്നത്. പോലീസ് പരിശോധനക്കെത്തുമ്പോള്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഒരു വശം അച്ചടിച്ച നിലയിലായിരുന്നു. അച്ചടിക്കാനുള്ള മെഷീന്‍ പേപ്പറുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. കോഴിക്കോട് ജില്ലാ ജയിലില്‍ വെച്ചാണ് മൂന്നുപേരും പരിചയപ്പെട്ടത്. വയനാട്ടില്‍വെച്ച് മാനിനെ വേട്ടയാടിയ രാജേഷ്‌കുമാറിനെ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഇന്‍സ്‌പെട്കര്‍ പിടികൂടി വയനാട് വനം വകുപ്പിന് കൈമാറുകയും തുടര്‍ന്ന് റിമാണ്ടില്‍ ആവുകയും ആയിരുന്നു. വില്‍ബര്‍ട്ട് കള്ളനോട്ടുമായി മലപ്പുറം പോലീസിന്റെ പിടിയിലായാണ് ജയിലില്‍ എത്തിയത്. കുറ്റിയാടിയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ കേസിലാണ് വൈശാഖ് ജയിലിലായത്. ജയിലില്‍ വെച്ചാണ് കള്ളനോട്ടടി ആരംഭിക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയത്. രാജേഷ്‌കുമാറിന്റെ ഭാര്യ വിദേശത്തായതിനാല്‍ ഈ വീട് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ ഇവര്‍ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അഡീഷനല്‍ എസ് ഐ. കെ എസ് ശിവദാസന്‍, എ എസ് ഐ മാരായ സുധാകരന്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് കള്ളനോട്ട് പിടികൂടിയത്. പ്രതിയെ രാത്രിയില്‍ പേരാമ്പ്ര കോടതിയില്‍ ഹാജറാക്കും
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies