21-Jan-2019 (Mon)
 
 
 
 
‍ലീഗല്‍ മെട്രോളജി-ഉപഭോക്തൃ വകുപ്പുകളുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നില്ല: മന്ത്രി പി തിലോത്തമന്‍
   
vps
29-Dec-2018
 

താമരശ്ശേരി: ഓണ്‍ലൈന്‍ വ്യാപാരം വ്യാപകമായ കാലത്ത് നിലവിലുള്ള ഉപഭോക്തൃ നിയമം മാറേണ്ടത് അനിവാര്യമാണെന്നും എന്നാല്‍ നിയമം നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് കേന്ദ്രം കവര്‍ന്നെടുക്കുന്ന രീതിയിലാണ് പുതിയ നിയമം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. താമരശ്ശേരി താലൂക്കിന് അനുവദിച്ച ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളുടെയും ദാതാക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ഉപഭോക്തൃ വകുപ്പിന്റെയും സേവനങ്ങള്‍ ഉപഭോക്താക്കള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല.

 

എന്തെങ്കിലും വസ്തുക്കള്‍ വാങ്ങി വീട്ടിലെത്തി ഉപയോഗിക്കുമ്പോഴാണ് പലരും കബളിപ്പിക്കപ്പെട്ടതാതി മനസ്സിലാക്കുന്നത്. എന്നാല്‍ ഇതിനെതിരെ പരാതി നല്‍കാന്‍ പലരും തയ്യാറാവുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരണം. അളവും തൂക്കവും കൃത്യമാണെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. ലോറികളില്‍ കടത്തുന്ന കരിങ്കല്ല് ഉള്‍പ്പെടെയുള്ളവയുടെ അളവ് പരിശോധിക്കാന്‍ ഉപഭോക്താവിന് കഴിയാറില്ല. ഇതും പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന് നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ തൂക്കാന്‍ ഉപയോഗിക്കുന്ന തുലാസ് ഉള്‍പ്പെടെയുള്ളവ കാര്യക്ഷമമാണോ എന്ന് കര്‍ശനമായി പരിശോധിക്കുമെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ചടങ്ങില്‍ കാരാട്ട് റസാക്ക് എം എല്‍ എ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എം രാധാമണി, താമരശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, എ പി ഹുസൈന്‍, ജെസി ശ്രീനിവാസന്‍, ടി എം പൗലോസ്, കെ വി സെബാസ്റ്റ്യന്‍, ജോണ്‍സണ്‍ ചക്കാട്ടില്‍, കണ്ടിയില്‍ മുഹമ്മദ് ഹാജി, കരീം പുതുപ്പാടി, അമീര്‍ മുഹമ്മദ് ഷാജി, കെ ടി എച്ച് ഹംസ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ലീഗല്‍ മെട്രോളജി ഉത്തരമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ വി ശശീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies