21-Jan-2019 (Mon)
 
 
 
 
‍കൊയിലാണ്ടി നഗരസഭ സുകൃതം ജീവിതം മെഗാ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു
   
vps
28-Dec-2018
 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും നേതൃത്വത്തില്‍ സുകൃതം ജീവിതം മെഗാ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആരോഗ്യ രംഗത്ത് വന്‍ മാറ്റങ്ങളാണ് ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ക്ക് രോഗികളോടുള്ള സമീപനത്തിലും മാറ്റം വന്നതായും മന്ത്രി പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടി ഇ എം എസ് ടൗണ്‍ ഹാളിലാണ് മെഗാ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും സംഘടിപ്പിക്കുന്നത്. ക്യാമ്പിലെ പ്രദര്‍ശന ഉദ്ഘാടനം കെ ദാസന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ മുഖ്യഥിതിയായി.

 

ക്യാമ്പില്‍ കണ്ണൂര്‍ സഞ്ജീവിനി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ നടക്കുന്ന ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിന്റെ ഭാഗമായി ബ്രസ്റ്റ്, തൈറോയ്ഡ്, ഗര്‍ഭപാത്രസംബന്ധമായ ക്യാന്‍സര്‍ പരിശോധനയും ക്ലിനിക്കല്‍ ബ്രസ്റ്റ് പരിശോധന, മമോഗ്രാം പരിശോധന, തൈറോയ്ഡ് ലാബ് പരിശോധന, ജനറല്‍ ക്യാന്‍സര്‍ പരിശോധന എന്നിവയും വൃക്കരോഗ നിര്‍ണ്ണയവും, ആല്‍ബുമിന്‍, പ്രോട്ടീന്‍ ക്രിയാറ്റിന്‍ ലാബ് പരിശോധനകളും സൗജന്യമായി നടത്തുന്നു. മെഗാ എക്‌സിബിഷന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെയും പരിയാരം മെഡിക്കല്‍ കോളേജിന്റെയും അനാട്ടമി വിഭാഗത്തിന്റെയും തണല്‍ വടകരയുടെയും സഹകരണത്തോടെയുള്ള മെഗാ മെഡിക്കല്‍ എക്‌സിബിഷനും സെമിനാറുകള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടത്തുന്നുണ്ട്. നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ വി കെ പത്മിനി, നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ കെ ഷിജു മാസ്റ്റര്‍, വി സുന്ദരന്‍ മാസ്റ്റര്‍, എന്‍ കെ ഭാസ്‌കരന്‍, വി കെ അജിത, ദിവ്യ സെല്‍വരാജ്, സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു കെ എം, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies