21-Jan-2019 (Mon)
 
 
 
 
‍ദേശീയപാത വികസനത്തിന് ഫെബ്രുവരിക്കകം മുഴുവന്‍ ഭൂമിയും ഏറ്റെടുക്കും: മുഖ്യമന്ത്രി
   
vps
29-Dec-2018
 

കോഴിക്കോട്: ദേശീയപാത വികസനത്തിന് ആവശ്യമായ മുഴുവന്‍ ഭൂമിയും ഫെബ്രുവരി മാസത്തിനകം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ബൈപ്പാസില്‍ രാമനാട്ടുകര മേല്‍പാലം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് മുതല്‍ കൊച്ചിവരെ 80 ശതമാനവും കൊച്ചി മുതല്‍ തിരുവനന്തപുരം വരെ എഴുപത് ശതമാനവും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ദേശീയപാത വികസനം അതീവ പ്രാധാന്യമുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈവേകളുടെയും റോഡുകളുടെയും സംരക്ഷണവും അറ്റകുറ്റ പണികളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ആവിഷ്‌ക്കരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി സ്വകാര്യവാഹനങ്ങളുടെ പെരുപ്പം മൂലമുണ്ടാകുന്ന ഗതാഗത കുരുക്കുകളും അപകടങ്ങളും മലിനീകരണവും ഗണ്യമായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. റോഡുകളിലെ തിക്കും തിരക്കും പരമാവധി കുറയ്ക്കാന്‍ ജലഗതാഗതം ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. റോഡ് നിര്‍മാണത്തിന് നൂതനമായിട്ടുള്ള കോള്‍ഡ് റീസൈക്കിളിങ് ടെക്നോളജി, നാച്വറല്‍ റബ്ബറൈസ്ഡ് ബിറ്റുമിന്‍, പ്ലാസ്റ്റിക് മിക്സ്ഡ് ബിറ്റുമിന്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ചെലവു കുറയ്ക്കുന്നതിനും ഈട് നില്‍പ്പ് ഉറപ്പാക്കുന്നതിനും ഇത്തരം നിര്‍മാണങ്ങള്‍ ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. പി ഡബ്ല്യൂ ഡി ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. രാമാട്ടുകര നഗരസഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്സണ്‍ സജ്‌ന പി കെ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ പുല്‍പ്പറമ്പില്‍ രാജന്‍, പി പി പുഷ്പമണി, കെ എം ബഷീര്‍, കെ പുഷ്പ, കെ ലോഹ്യ ഹമീദ് ടി എസ് തുടങ്ങിയവര്‍ സംസാരിച്ചു. വി കെ സി മമ്മദ്കോയ എം എല്‍ എ സ്വാഗതവും നാഷണല്‍ ഹൈവേ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി എസ് സിന്ധു നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies