20-Mar-2019 (Wed)
 
 
 
 
‍പ്രളയത്തെ അതിജീവിക്കുന്ന നിര്‍മ്മാണരീതിക്ക് പ്രാധാന്യം നല്‍കും: മന്ത്രി ജി സുധാകരന്‍
   
vps
31-Dec-2018
 

നാദാപുരം: പാലമായാലും റോഡായാലും കെട്ടിടങ്ങളായാലും പ്രളയത്തെ അതിജീവിക്കുന്ന നിര്‍മ്മാണ രീതിക്കാണ് പ്രാധാന്യം നല്‍കുക എന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം മുട്ടുങ്ങല്‍ നാദാപുരം പക്രംതളം റോഡ് പരിഷ്‌കരണ പ്രവൃത്തി നാദാപുരം ബസ്സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും കണ്ടിരുന്ന ലോകനിലവാരത്തിലുളള റോഡുകള്‍ നമ്മുടെ നാട്ടിലും രണ്ടര വര്‍ഷംകൊണ്ട് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഡിസൈന്‍ റോഡുകള്‍ക്കും പ്രാധാന്യം നല്കി. വികസന പ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയം ഇല്ല. എല്ലാ ജാതി മതസ്ഥരേയും തുല്ല്യരായി കണ്ടുകൊണ്ടാണ് വികസന പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കുന്നത്. നല്ല റോഡുകളും പാലങ്ങളും ഇനിയും നമുക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ട്രാക്ടര്‍മാരുടെ യോഗ്യത തീരുമാനിക്കുന്ന കാര്യം പരിഗണിച്ചു വരികയാണ്. കരാറില്‍ അലംഭാവം കാണിക്കുന്ന കോണ്‍ട്രാക്ടര്‍മാരുടെ ലൈസന്‍സ് കാന്‍സല്‍ ചെയ്യാനുളള നടപടികള്‍ സ്വീകരിക്കും. ഒഞ്ചിയം, വെളളികുളങ്ങര റോഡിന്റെ പണി ജനുവരി 31 നകം പൂര്‍ത്തിയാക്കും. നാലര കോടി രൂപ ചിലവിലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി മുട്ടുങ്ങല്‍ പക്രംതളം റോഡിന്റെ പരിഷ്‌കരണ പ്രവൃത്തി നടത്തുന്നത്. 18 മാസ കാലയളവിനുളളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. പന്ത്രണ്ട് കിലോമീറ്റര്‍ റോഡാണ് വീതികൂട്ടി നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്. റോഡുകളും ഫുട്പാത്തുകളുമൊക്കെ കയ്യേറി വ്യാപാര സ്ഥാപനങ്ങള്‍ സാധനങ്ങള്‍ തുടങ്ങിയവ വെക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. മുടങ്ങികിടന്ന നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ രണ്ടര വര്‍ഷം കൊണ്ട് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുളള എം എല്‍ എ, സി കെ നാണു എം എല്‍ എ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സിന്ധു ആര്‍, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അച്യുതന്‍, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷന്‍, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി കെ കെ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies