21-Jan-2019 (Mon)
 
 
 
 
‍ഹര്‍ത്താലിനിടെ താമരശ്ശേരിയില്‍ വ്യാപക അക്രമം
   
vps
04-Jan-2019
 

താമരശ്ശേരി: ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലിനിടെ താമരശ്ശേരി മേഖലയില്‍ വാഹനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക അക്രമം. രോഗിയായ കൈക്കുഞ്ഞിനെയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറ് ഉള്‍പ്പെടെ പത്തോളം വാഹനങ്ങള്‍ സമരക്കാര്‍ എറിഞ്ഞ് തകര്‍ത്തു. ദേശീയ പാതയില്‍ താമരശ്ശേരി പോസ്‌റ്റോഫീസിന് സമീപത്തും പെരുമ്പള്ളി ക്ഷേത്രത്തിന് സമീപത്തും സംഘടിച്ചാണ് വാഹനങ്ങള്‍ തടഞ്ഞത്. താമരശ്ശേരി കാരാടി സ്വദേശി ശംസുദ്ദീന്റെ പിക്കപ്പ് വാഹനത്തിന് താമരശ്ശേരി പോസ്‌റ്റോഫീസിന് സമീപത്തുവെച്ചാണ് കല്ലേറുണ്ടായത്. കട്ടിപ്പാറ ചമലില്‍ വയനാട് സ്വദേശികള്‍ സഞ്ചരിച്ച ബൊലേറോ ജീപ്പ് അടിച്ച് തകര്‍ക്കുകയും യാത്രക്കാരെ ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തു. അയല്‍ വാസിയുടെ കൈക്കുഞ്ഞിനേയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശി അബ്ദുല്‍ കലാമിന്റെ കാറിന്റെ ചില്ല് ബൈക്കിലെത്തിയ സമരക്കാര്‍ എറിഞ്ഞ് തകര്‍ത്തു. അക്രമത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു വയസ്സുകാരിക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് എലോക്കരയില്‍ വെച്ച് അക്രമികളെ നാട്ടുകാര്‍ പിടികൂടി താമരശ്ശേരി പോലീസിന് കൈമാറി. ആര്‍ എസ് എസ് പ്രവര്‍ത്തകരായ താമരശ്ശേരി തേറ്റാമ്പുറം നടുവീട്ടില്‍ അര്‍ജുന്‍ കൃഷ്ണ, പള്ളിപ്പുറം പൊടുപ്പില്‍ കോളനിയിലെ ശ്യാം എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാക്‌സി കാറിനും കൊറിയര്‍ വാഹനത്തിനും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കാണ് ഇതേ ബൈക്കില്‍ നിന്നും കല്ലേറുണ്ടായത്. തോര്‍ത്ത് മുണ്ടില്‍ വലിയ കല്ലുകള്‍ കെട്ടി ബൈക്കില്‍ സഞ്ചരിച്ച് റോഡില്‍ കാണുന്ന വാഹനങ്ങളെല്ലാം അക്രമിക്കുകയായിരുന്നു. സംഭവങ്ങളില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിടിയിലായവര്‍ ഏതെല്ലാം വാഹനങ്ങള്‍ തകര്‍ത്തുവെന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies