16-Jun-2019 (Sun)
 
 
 
 
‍ഹര്‍ത്താലിനിടെ ഉണ്ടായ അക്രമത്തില്‍ താമരശ്ശേരി പോലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 3 പേര്‍ അറസ്റ്റില്‍
   
vps
05-Jan-2019
 

താമരശ്ശേരി: ഹര്‍ത്താലിന്റെ മറവിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദേശീയ പാതയിലൂടെ ബൈക്കില്‍ സഞ്ചരിച്ച് വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പ്രതികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരായ താമരശ്ശേരി തേറ്റാമ്പുറം നടുവീട്ടില്‍ അര്‍ജുന്‍ കൃഷ്ണ(26), പള്ളിപ്പുറം പൊടുപ്പില്‍ കോളനിയിലെ ശ്യാം(22) എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രിയോടെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജറാക്കി റിമാണ്ട് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കട്ടിപ്പാറ ചമല്‍ ചുണ്ടേന്‍കുഴിയില്‍ വയനാട് സ്വദേശികളുടെ ബൊലേറോ ജീപ്പ് അടിച്ച് തകര്‍ക്കുകയും യാത്രക്കാരെ മര്‍ദ്ധിക്കുകയും ചെയ്ത സംഭവത്തിലും പന്നൂര്‍ സ്വദേശി അബ്ദുല്‍ നാസറിന്റെ ജീപ്പ് തകര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലും വധ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ചുണ്ടേന്‍കുഴിയില്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് തീ കൊടുത്ത് പൊതു മുതല്‍ നശിപ്പിക്കുകയും പ്രദേശത്തെത്തിയ പോലീസിനു നേരെ കല്ലെറിയുകയും ചെയ്ത സംഭവത്തിലും കേസെടുത്തു. ഇതില്‍ ചമല്‍ ചുണ്ടേന്‍കുഴി മഠത്തില്‍ പറമ്പ് ഷിബു(41) വിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യവുമായി ബുധനാഴ്ച വൈകിട്ട് പ്രകടനം നടത്തിയതിന് കണ്ടാലറിയാവുന്ന നൂറോളം ആളുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അക്രമ സംഭവങ്ങളിലും ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies