20-Mar-2019 (Wed)
 
 
 
 
‍നൂറോളം മോഷണ കേസുകളില്‍ പ്രതിയായ ആസിഡ് ബിജു അറസ്റ്റില്‍
   
vps
06-Jan-2019
 

കൊടുവള്ളി: നൂറോളം മോഷണ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കോതമംഗലം നെല്ലിമറ്റം മണ്‍കുഴി കുന്നേല്‍ ബിജു വര്‍ഗ്ഗീസ് എന്ന ആസിഡ് ബിജു(44) ആണ് അറസ്റ്റിലായത്. അമ്പലക്കണ്ടി നെച്ചോളി മുഹമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നും ആറര പവനോളം വരുന്ന സ്വര്‍ണമാലകള്‍ അപഹരിച്ച സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയിലായത്.

 

മുഹമ്മദ് ഹാജിയുടെ മകള്‍ ഹാജറയുടെ കഴുത്തിലുണ്ടായിരുന്ന മാലകളാണ് പൊട്ടിച്ചെടുത്തത്. വീടിന്റെ ടറസിലെത്തി വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നായിരുന്നു മോഷണം. പ്രദേശത്ത് മോഷ്ടാവ് എത്തിയതായ വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടിനുള്ളിലെത്തി ആഭരണങ്ങള്‍ കവര്‍ന്നത്. സി സി ടി കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സഹിതം താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജിന്റെ മേല്‍നോട്ടത്തില്‍ കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍, എസ് ഐ. കെ പ്രജീഷ്, ഡി വൈ എസ് പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളാട എ എസ് ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, റഫീഖ് നീലിയാനിക്കല്‍, കൊടുവള്ളി സ്‌റ്റേഷനിലെ എ എസ് ഐ. കെ പി വിനോദ്, ഇ പി അബ്ദുല്‍ റഹീം എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡിസംബര്‍ 19 ന് പിലാശ്ശേരിയിലുള്ള വീട്ടില്‍ നിന്നും ഉറങ്ങിക്കിടക്കുകയായിയിരുന്ന സ്ത്രീയുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയും ബ്രേയ്‌സ്‌ലെറ്റും മോഷ്ടിച്ചതും ബാലുശ്ശേരി പറമ്പിന്റെ മുകളിലെ വീട്ടില്‍ നിന്നും 9 പവന്‍ മോഷ്ടിച്ചും കൊടുവള്ളിയിലെ വീട്ടില്‍ നിന്നും ഉറങ്ങിക്കിടന്ന യുവതിയുടെ കൈയ്യില്‍ നിന്നും ബ്രേയ്‌സ്‌ലെറ്റ് മോഷ്ടിച്ചതും പ്രതി സമ്മതിച്ചു. ചാത്തമംഗലം വേങ്ങേരിമഠത്തുള്ള വാടകമുറിയില്‍ നിന്നും പത്തര പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പതിനെട്ടാം വയസ്സില്‍ അയല്‍വാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചതിനെ തുടര്‍ന്നാണ് ആസിഡ് ബിജു ആയി മാറിയത്. അവിവാഹിതനായ പ്രതി മോഷണം നടത്തിയ സ്വര്‍ണ്ണം വിറ്റ് ആര്‍ഭാട ജീവിതം നയിക്കുകയാണ് പതിവ്. വിവിധ ഘട്ടങ്ങളിലായി എട്ടുവര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ച ആസിഡ് ബിജു പാലക്കാട് ജില്ലയില്‍ പിടിയിലായതിനു ശേഷം കഴിഞ്ഞ നവംമ്പര്‍ അവസാനത്തോടെയാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് ചാത്തമംഗലത്ത് മുറി വാടകക്കെടുത്ത് താമസമാക്കുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies