21-Jan-2019 (Mon)
 
 
 
 
‍അവേലത്ത് സാദാത്ത് മഖാം ഉറൂസ് ഞായറാഴ്ച സമാപിക്കും
   
vps
12-Jan-2019
 

പൂനൂര്‍: പ്രസിദ്ദമായ അവേലത്ത് സാദാത്ത് മഖാം ഉറൂസിന് ഞായറാഴ്ച സമാപനമാകും. വ്യാഴാഴ്ച ആരംഭിച്ച ഉറൂസ് പരിപാടികള്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഉറൂസിന്റെ ഭാഗമായി നടന്ന മഹല്ല് വരവ് ശ്രദ്ധേയമായി. താമരശ്ശേരി, ബാലുശ്ശേരി, പൂനൂര്‍ സോണുകളില്‍ ഉള്‍പ്പെട്ട അറുപതോളം മഹല്ലുകളില്‍ നിന്നാണ് വെള്ളിയാഴ്ച ഉറൂസിനുള്ള ഭക്ഷ്യവിഭവങ്ങളുമായി മഹല്ല് ഭാരവാഹികളും പൗരപ്രമുഖരും എത്തിയത്. അരി, പച്ചക്കറി, മാടുകള്‍ ഉള്‍പ്പെടെയുള്ളവയുമായി അലങ്കരിച്ച വാഹനങ്ങള്‍ കൂട്ടത്തോടെ എത്തിയത് കൗതുകക്കാഴ്ചയായി മാറി. വിവിധ മഹല്ലുകളില്‍ നിന്നും എത്തിയവര്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ പരിസരത്ത് സംഗമിച്ചാണ് കാന്തപുരം സാദാത്ത് മഖാമിലേക്ക് നീങ്ങിയത്.

 

മണിയറ കോയ ഹാജി, ഇബ്രാഹിം ഹാജി അറപ്പീടിക, അബ്ദുല്ല മാസ്റ്റര്‍ ചീക്കിലോട്, മുനീര്‍ സഅദി പൂലോട്, അബ്ദുസ്സലാം സഖാഫി, അബ്ദു മുസ്‌ല്യാര്‍ ബുസ്താനാബാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയവരെ കാന്തപുരം അങ്ങാടിയില്‍ നിന്നും സാദാത്തുക്കളും മഹല്ല് ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയവരെ ദഫ് സംഘത്തിന്റെ അകമ്പടിയോടെയാണ് മഹല്ല് വരവിനെ മഖാം പരിസരത്തേക്ക് ആനയിച്ചത്. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍, സയ്യിദ് അബൂബക്കര്‍ കോയ തങ്ങള്‍, ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസ്സന്‍, പി കെ അബ്ദുന്നാസര്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാത്രി ഏഴിന് ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. ഉറൂസിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച നരിക്കുനി, കൊടുവള്ളി സോണുകളില്‍ നിന്നും വിഭവങ്ങളെത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ അന്നദാനം നടക്കും. രാത്രി നടക്കുന്ന ആത്മീയ സദസ്സില്‍ സയ്യിന്‍ദന്‍മാരും പണ്ഡിതന്‍മാരും സംബന്ധിക്കും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies